ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു
ബിജു പരവത്ത്
ബംഗാളി, ഹിന്ദി ഭാഷകള്‍ അറിയുകയും തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്നവരുണ്ടെങ്കിലേ സംഘടനയിലേക്ക് ഇവരെ എത്തിക്കാനാകൂവെന്നാണ് സി.ഐ.ടി.യു. വിലയിരുത്തിയത്.
തിരുവനന്തപുരം: മറുനാടന്‍തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പുതിയ രാഷ്ട്രീയപരീക്ഷണത്തിന് സി.ഐ.ടി.യു. തയ്യാറെടുക്കുന്നു. ബംഗാളില്‍നിന്ന് സി.പി.എമ്മിന്റെയും തൊഴിലാളി സംഘടനകളുടെയും പ്രാദേശികനേതാക്കളെ ‘സ്ഥിരം ക്ഷണിതാക്കളായി’ കേരളത്തിലെത്തിച്ച് മറുനാടന്‍തൊഴിലാളികളെ സി.ഐ.ടി.യു.വിന്റെ ഭാഗമാക്കാനാണ് ജനറല്‍ കൗണ്‍സില്‍ തീരുമാനം.
സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലും മറ്റുമായി ഒട്ടേറെ മറുനാടന്‍തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരിലേറെയും കേരളത്തില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരാണ്. പലര്‍ക്കും കേരളത്തില്‍ വോട്ടവകാശവുമുണ്ട്. എന്നാല്‍, സംഘടനാപരമായി ഇവരെ ഒന്നിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂരില്‍ സി.ഐ.ടി.യു. ഇതിനുള്ള ശ്രമം നടത്തിയെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. ഭാഷതന്നെയാണ് പ്രധാന തടസ്സം. ബംഗാളി, ഹിന്ദി ഭാഷകള്‍ അറിയുകയും തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്നവരുണ്ടെങ്കിലേ സംഘടനയിലേക്ക് ഇവരെ എത്തിക്കാനാകൂവെന്നാണ് സി.ഐ.ടി.യു. വിലയിരുത്തിയത്.
മറുനാടന്‍തൊഴിലാളികള്‍ക്കായി തൊഴില്‍വകുപ്പ് നടപ്പാക്കുന്ന ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 5,09,451 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിപ്രകാരം 55,520 പേരുമുണ്ട്. ഈ ക്ഷേമപദ്ധതിയുടെ അടിസ്ഥാനത്തില്‍തന്നെ ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമമാണ് സി.ഐ.ടി.യു. നടത്തുന്നത്.
എറണാകുളത്തുമാത്രം 1.1 ലക്ഷം മറുനാടന്‍തൊഴിലാളികളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ഇവര്‍ വോട്ടര്‍മാരായാല്‍ രാഷ്ട്രീയചിത്രംതന്നെ മാറും. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലും അരലക്ഷത്തിന് മുകളില്‍പേരുണ്ട്. അസംഘടിതമേഖലയിലും സി.ഐ.ടി.യു.വിലൂടെ രാഷ്ട്രീയസ്വാധീനംകൂട്ടാന്‍ ജനറല്‍കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. അസംഘടിതമേഖലയില്‍ 4,43,147 തൊഴിലാളികള്‍ അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സി.ഐ.ടി.യു. അംഗങ്ങളെ പാര്‍ട്ടിക്കും സര്‍ക്കാരിനും പിന്തുണ നല്‍കുന്ന രാഷ്ട്രീയവിഭാഗമായി വളര്‍ത്തികൊണ്ടുവരേണ്ടതുണ്ടെന്നാണ് കൗണ്‍സില്‍ വിലയിരുത്തിയത്. രാഷ്ട്രീയപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ ജൂണ്‍ 18, 19 തീയതികളില്‍ എറണാകുളത്ത് സംസ്ഥാന പഠനക്യാമ്പ് നടത്തും. ജില്ലാതലത്തില്‍ കീഴ്ഘടകങ്ങളും ക്യാമ്പുകള്‍ നടത്തും.