സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ അന്തരിച്ചു. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.
അടിയുറച്ച പാർട്ടിക്കാരി, വിഎസ് പക്ഷത്തെ കരുത്ത
സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരിക്കെ ചെന്ന് പെട്ട വിവാദങ്ങൾ മാത്രമല്ല എം സി ജോസഫൈൻ എന്ന മുതിർന്ന നേതാവിന്റെ രാഷ്ട്രീയ പാരമ്പര്യം. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിൽ പലവട്ടം പഴി കേട്ടിട്ടുള്ള നേതാവ്. പാർട്ടിയുടെ സംഘടനാ രംഗത്തായിരുന്നു ദീർഘനാളായി പ്രവർത്തനം, അച്യുതാനന്ദൻ വിഭാഗത്തിൽ ഉറച്ചു നിന്ന നേതാവ്. പാർട്ടി വിഭാഗീയതയുടെ പേരിൽ തെരഞ്ഞെടുപ്പ് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടും ഉറച്ചു നിന്നു. ഒരു വട്ടം ജിസിഡിഎ ചെയർപേഴ്സണായി. സിപിഎം വിഭാഗീയത കത്തി നിന്ന സമയത്തും വിഎസ്സിനൊപ്പം ഉറച്ചുനിന്ന അവർക്ക് പാർട്ടിയായിരുന്നു എല്ലാത്തിലും വലുത്.
1948 ആഗസ്‌ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈൻ വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് സംസ്ഥാന പ്രസിഡന്‍റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. അടിയുറച്ച പാർട്ടിക്കാരിയായിരുന്നു. എല്ലാ സാഹചര്യത്തിലും പാർട്ടിക്കൊപ്പം നിന്നു.
1978ൽ സിപിഎം അംഗത്വം. 1984ൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗം. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്‍റായി. സംസ്ഥാന വെയർഹൗസിങ് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ് ഹോസ്‌പിറ്റൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു.
അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയായിരുന്നു.
അസംബ്ലി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജോസഫൈൻ ഒരു ജേതാവായിരുന്നില്ല. 1989ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ പാല കെ എം മാത്യുവിനോട് 91,479 വോട്ടിന് പരാജയപ്പെട്ടു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ മൽസരിച്ചിരുന്നു. അന്നും പരാജയം. മുസ്ലീം ലീഗിന്റെ വി കെ ഇബ്രാംഹിം കുഞ്ഞായിരുന്നു അന്നത്തെ എതിരാളി. ( വികെ ഇബ്രാഹിം കുഞ്ഞ് (മുസ്ലീം ലീഗ്) – 36,119 വോട്ട്, എംസി ജോസഫൈൻ (സിപിഎം) – 20,587 വോട്ട്, പ്രൊഫ മാത്യൂ പൈലി (ബിജെപി) – 2,324 വോട്ട് )
2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊച്ചി നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡൊമനിക് പ്രസന്‍റേഷനോട് പരാജയപ്പെട്ടു. ( ഡൊമനിക് പ്രസന്റേഡഷൻ (കോൺഗ്രസ്) – 56,352 വോട്ട്, എംസി ജോസഫൈൻ (സിപിഎം) – 39,849 വോട്ട്, കെ ശശിധരൻ മാസ്റ്റർ (ബിജെപി) – 5,480 വോട്ട് ). 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചില്ല
2017 മാർച്ച് മുതൽ 2021വരെ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു. ആ കാലയളവിൽ വിവാദങ്ങൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.
വിവാദങ്ങൾ
പി ശശിക്കെതിരെ പാർട്ടി പ്രവർത്തക ലൈംഗിക അതിക്രമ പരാതി നൽകിയ വിഷയത്തിൽ മാധ്യമങ്ങളോട് തനിക്കെതിരെ പീഡനം ഉണ്ടായാലും ആദ്യം അറിയിക്കുക പാർട്ടിയെ ആയിരിക്കുമെന്ന് പറഞ്ഞത് വലിയ വിവാദമായി. കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയിക്കെതിരായ പീഡന പരാതിയിൽ ഇടപെടാനാവില്ലെന്ന് നിലപാട് എടുത്തു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ രമ്യ കമ്മീഷന് നൽകിയ പരാതി അന്വേഷിക്കുക പോലും ചെയ്തില്ലെന്ന് ആക്ഷേപം ഉണ്ടായിരുന്നു.
പരാതിയുമായി വരുന്നവരോട് അനുകമ്പയില്ലാതെ പെരുമാറുന്നുവെന്ന പഴി കുറേ കേട്ടു. ‘എന്നാൽ അനുഭവിച്ചോ’ എന്ന വാചകം അവരുടെ വനിതാ കമ്മീഷൻ അധ്യക്ഷ പദവി തന്നെ തെറിപ്പിച്ചു. എന്നും പാർട്ടിയെ ന്യായീകരിക്കാൻ ശ്രമിച്ച ജോസഫൈൻ്റെ പ്രതികരണം പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്ന് വിമർശനം ഉയർന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.
ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴായിരുന്നു ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.
ഒരു വാർത്താ ചാനലിൽ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതു സമൂഹത്തിൽ പാർട്ടിയിൽ നിന്ന് പോലും ഇവർക്ക് പിന്തുണ കിട്ടിയില്ല.
വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ ജോസഫൈൻ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ നിന്നും പുറത്തേക്ക് പോകുമെന്ന വാർത്തകൾക്കിടയിലാണ് വിയോഗം.
വ്യക്തി ജീവിതം
വൈപ്പിൻ മുരിക്കുംപാടം സെന്‍റ് മേരീസ് സ്‌കൂൾ, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്‌കൂൾ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ജോസഫൈൻ്റെ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. സിഐടിയു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട് പി എ മത്തായിയാണ് ഭർത്താവ്. മകൻ: മനു പി മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ് വ്യാസ്, കണ്ണകി വ്യാസ്.