സിൽവർലൈൻ രൂപരേഖയിൽ തളങ്കര മാലിക്ദീനാർ സ്ഥാപനങ്ങളും; പ്രതിഷേധം ശക്തം, വലിയ ജുമുഅത്ത് പള്ളി യോഗം നാലിന്
കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ സിൽവർലൈൽ രൂപരേഖയിൽ. മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കം സിൽവർ റെയിൽ അലൈൻമെന്‍റിൽ വന്നതോടെ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് അന്തിമരൂപം നൽകാനാണ് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റ സംഘത്തിന്‍റെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ 10.30ന് പള്ളിക്കമ്മിറ്റി ഹാളിൽ ചേരുന്നത്. വൈസ് പ്രസിഡന്‍റ് ടി. ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, കെ.എ. മുഹമ്മദ് ബഷീർ, പി.എ. സത്താർ ഹാജി, കെ.എം. അബ്ദുൽ റഹ്മാൻ, കെ.എച്ച്. അഷ്റഫ്, എൻ.കെ. അമാനുല്ല, അഹമ്മദ് ഹാജി അങ്കോല, മുഹമ്മദ് ഹാജി വെൽക്കം, കെ.എം. ബഷീർ, ഹസൈനാർ ഹാജി തളങ്കര എന്നിവർ സംസാരിച്ചു.