കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ നൈജീരിയൻ യുവതി അറസ്റ്റിൽ
കണ്ണൂർ: കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതി നിസാമിന്‍റെ കൂട്ടാളിയായ നൈജീരിയൻ യുവതി പ്രയിസ് ഓട്ടോണിയേ (22) അടക്കം മൂന്നുപേർ കൂടി അറസ്റ്റിലായി. ഒളിവിൽ കഴിഞ്ഞ മരക്കാർ കണ്ടിയിലെ ജനീസ്, അണ്ടത്തോടെ ജാബിർ എന്നിവരെയും അറസ്റ്റ് ചെയ്തതായി കണ്ണൂർ അസി. പോലീസ് കമ്മീഷണർ പി പി സദാനന്ദൻ പറഞ്ഞു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.
കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകനും ഭാര്യയും ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായിരുന്നു. മരക്കാകണ്ടി ചെറിയ ചിന്നപ്പന്‍റവിട സി സി അൻസാരി(35), ഭാര്യ ശബ്ന(26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇവരുൾപ്പടെ മൂന്നുപേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മാർച്ച് പതിനാറിന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്‍റെ മയക്കുമരുന്ന് വിൽപന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബിനെയും(35) പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിസാം അബ്ദുൾ ഗഫൂറിന് പുറമെ കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബർക്കീസ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. ഒരു ഗ്രാം എംഡിഎംഎ 1500 രൂപയ്ക്കാണ് സംഘം ആവശ്യക്കാർക്ക് നൽകിയിരുന്നത്. നിസാം പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. ഈ കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് കണ്ണൂർ എസിപി പി.പി സദാനന്ദൻ പറഞ്ഞു. ഇവർക്ക് മയക്കുമരുന്ന് ലഭ്യമാക്കിയിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘത്തിലെ പ്രധാന ബംഗളുരുവിൽ പിടിയിലായതായി റിപ്പോർട്ടുണ്ട്.