ദുബായ് എക്സ്പോ 2020യിൽ ഇനിയുള്ള ദിവസങ്ങളിൽ ലോകം കാത്തിരുന്ന ‘കലാശപ്പൂരം’

0 0
Read Time:7 Minute, 24 Second

ദുബായ് എക്സ്പോ 2020യിൽ ഇനിയുള്ള ദിവസങ്ങളിൽ ലോകം കാത്തിരുന്ന ‘കലാശപ്പൂരം’

ദുബായ് :ദുബായ് എക്സ്പോ 2020യിൽ ഇനിയുള്ള ദിവസങ്ങളിൽ ലോകം കാത്തിരുന്ന ‘കലാശപ്പൂരം’. ഒക്ടോബർ ഒന്നിനു തുടങ്ങിയ ലോകമേള 31ന് സമാപിക്കാനിരിക്കെ, ഓരോ ദിവസവും പുതുമകളും ആഘോഷ മേളങ്ങളുമായി അവിസ്മരണീയമാക്കാനാണു സംഘാടകരുടെ ഒരുക്കം.

ആഘോഷം കൊഴുപ്പിക്കാൻ രാജ്യാന്തര സംഗീതപ്രതിഭകളുടെയും മറ്റു കലാകാരന്മാരുടെയും വൻ സംഘമെത്തും. കലയരങ്ങുകൾ, ഭക്ഷ്യമേളകൾ, ഉല്ലാസപരിപാടികൾ, വിജ്ഞാന മേളകൾ എന്നിവിടങ്ങളിൽ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഇന്ത്യക്കാരടക്കമുള്ള രാജ്യാന്തര സന്ദർശകരുടെ വൻതിരക്ക് അനുഭവപ്പെടുന്നു.

എക്സ്പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദർശകരെത്തുമെന്നാണു പ്രതീക്ഷ. ഇനിയുള്ള ദിവസങ്ങളിൽ കൊച്ചുകൂട്ടുകാരാണു വിഐപികൾ. കുട്ടികൾക്കുള്ള വൈവിധ്യമാർന്ന പരിപാടികളുമുണ്ടാകും. ജലക്ഷാമം, ജലപദ്ധതികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ‘വാട്ടർവീക്ക്’ വിജ്ഞാന മേള കഴിഞ്ഞദിവസം ആരംഭിച്ചു.

27 മുതൽ തിരക്ക് കൂടാൻ സാധ്യത

യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതും 27 മുതൽ രാജ്യാന്തര സർവീസുകൾ ഇന്ത്യ പുനരാരംഭിക്കുന്നതും എക്സ്പോ സന്ദർശകരുടെ എണ്ണം ഇനിയും കൂടാനിടയാക്കുമെന്നു വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും പ്രതിനിധികൾ പറയുന്നു. നാട്ടിൽ നിന്നു വരുന്നവർക്ക യാത്രയുടെ 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനയും റാപിഡ് ടെസ്റ്റും നിർത്തലാക്കിയത് ഏറെ സഹായകമായി. വാക്സീൻ എടുത്തിരിക്കണം.

വാക്സീൻ എടുത്തിട്ടില്ലെങ്കിൽ 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ട് വേണം.ഇന്ത്യയിലെ വാക്സീനാണ് എടുത്തതെങ്കിൽ തിരികെ യാത്ര ചെയ്യുമ്പോൾ 72 മണിക്കൂറിനകം യുഎഇയിൽ പിസിആർ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ആവശ്യമില്ല. എയർ സുവിധയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്താൽ മതിയാകും. യുഎഇയിൽ വാക്സീൻ എടുത്തവരാണെങ്കിൽ യാത്രയുടെ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ട് ആവശ്യമാണ്.

ഉണർവോടെ റിയൽ എസ്റ്റേറ്റ് മേഖല

റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കും എക്സ്പോ വഴിയൊരുക്കിയതായാണു റിപ്പോർട്ട്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 5,762 ഇടപാടുകളിലൂടെ 33,000 കോടിയോളം രൂപയുടെ കച്ചവടം നടന്നു. 2013നു ശേഷമുള്ള റെക്കോർഡ് ആണിതെന്നു മാത്രമല്ല, മുന്നേറ്റം തുടരുകയും ചെയ്യുന്നു.

എക്സ്പോയ്ക്കൊപ്പം വിവിധ മേഖലകൾ സജീവമായതോടെ തൊഴിൽമേഖലയും ഉണർവു വീണ്ടെടുത്തു. എക്സ്പോയ്ക്കു ശേഷം സ്മാർട് നഗരമായി മാറുന്ന മേഖലയിൽ ഒട്ടേറെ പുതിയ സംരംഭങ്ങൾക്കു തുടക്കമാകുന്നതും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.

കൊച്ചുകൂട്ടുകാരുടെ വലിയ ലോകം‌

കുട്ടികളുടെ എക്സ്പോ എന്ന വിശേഷണവും രാജ്യാന്തര മേളയ്ക്കു സ്വന്തം. ലോകത്തെ ഏറ്റവും വലിയ വിനോദ-വിജ്ഞാന ലോകത്ത് ശനിയാഴ്ച വരെ 18 വയസ്സിൽ താഴെയുള്ള 28 ലക്ഷം പേരാണെത്തിയത്. വരുംദിവസങ്ങളിലെ ആഘോഷ പരിപാടികളിലേറെയും കുട്ടികൾക്കുള്ളതാണ്.

റോബട്ടിക് സാങ്കേതിക വിദ്യകൾ, പാരമ്പര്യേതര ഊർജം, ബഹിരാകാശ പദ്ധതികൾ, കാർഷിക സംരംഭങ്ങൾ, കല-സാഹിത്യം എന്നിങ്ങനെ ഓരോ മേഖലയെകുറിച്ചും അറിയാൻ അവസരമൊരുക്കുന്നു. വിവിധ പരിപാടികളിൽ വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പങ്കെടുക്കാൻ അവസരമുണ്ട്. തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകൾ സർവകലാശാലാ വിദ്യാർഥികൾക്കായി സംഘടിപ്പിക്കും.

ലത്തീഫാസ് അഡ്വഞ്ചേഴ്സ് ഉൾപ്പെടെയുള്ള ഉല്ലാസമേഖലകളിൽ നക്ഷത്രങ്ങളും അന്യഗ്രഹജീവികളും കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികളോടു കൂട്ടുകൂടാൻ കാത്തിരിക്കുന്നു. ബഹിരാകാശ പേടക സിമുലേറ്ററുകളിൽ യാത്രപോകാൻ കുട്ടികൾക്കും മുതിർന്നവർക്കും അവസരമുണ്ട്.വിവിധ ദൗത്യങ്ങളിൽ പേടകങ്ങൾ പകർത്തിയ ചിത്രങ്ങൾ,  ഉപഗ്രഹ ഭാഗങ്ങൾ, ഭാവി പര്യവേക്ഷണങ്ങൾക്കുള്ള ഉപകരണങ്ങൾ എന്നിവ കാണാനാകും.

ഇന്ത്യൻ ഹിറ്റുകളുമായി എ. ആർ. റഹ്മാൻ

എക്സ്പോയിൽ വേറിട്ട സംഗീതാനുഭവമൊരുക്കിയ എ.ആർ. റഹ്മാൻ ഈ മാസം 24ന് വീണ്ടും വേദിയിലെത്തുന്നു. ജൂബിലി പാർക്കിൽ വൈകിട്ട് 7ന് മലയാളം, തമിഴ്, ഹിന്ദി ഹിറ്റുകൾക്കു പ്രാധാന്യം നൽകിയുള്ള സംഗീതവിരുന്നാകും ഒരുക്കുക. പുതിയ ഗായകർക്കും മറ്റും കലാകാരന്മാർക്കും അവസരം നൽകുന്ന പരിപാടി കൂടിയാകും ഇത്.റഹ്മാന്റെ നേതൃത്വത്തിലുള്ള 50 അംഗ ഫിർദൌസ് ഓർക്കസ്ട്ര രാജ്യാന്തര തലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

ഇളയരാജ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഗീത പ്രതിഭകളും എക്സ്പോ വേദികളെ ഇളക്കിമറിച്ചിരുന്നു. മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന ‘മേന’ മേഖലയിലെ 50 വനിതകളാണ് ഫിർദൌസിലുള്ളത്. റഹ്മാന്റെ പേരിലുള്ള റെക്കോർഡിങ് സ്റ്റുഡിയോ എക്സ്പോയ്ക്കു ശേഷവും നിലനിർത്തും. ദുബായിയെ സംഗീതത്തിന്റെയും റെക്കോർഡിങ്ങിന്റെയും രാജ്യാന്തര േകന്ദ്രമാക്കാനാണിതെന്ന് എക്സ്പോ സംഘാടകർ നേരത്തേ വ്യക്തമാക്കിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!