ഒരുദിനം പോലും താമസിക്കാനായില്ല, സ്വപ്‌നഗൃഹത്തിൽ ബാപ്പയ്ക്കും മകനും യാത്രാമൊഴി; തേങ്ങലോടെ നാട്
അരൂർ: ഒരുദിനംപോലും താമസിക്കാത്ത ആ സ്വപ്നഗൃഹത്തിൽ ബാപ്പയുടെയും മകന്റെയും ചലനമറ്റ ശരീരങ്ങൾ അവസാനമായെത്തിയപ്പോൾ നാടാകെ തേങ്ങി. അപകടത്തിൽ മരിച്ചവരുടെ സ്വപ്നമായിരുന്നു ആ ഗൃഹംബുധനാഴ്ച പുലർച്ചെ മൂന്നാറിൽ നിന്നും മടങ്ങുംവഴിയാണ് അരൂക്കുറ്റി പഞ്ചായത്ത് കുറുവഞ്ചങ്ങാട്, കുടുംബം അപ്രതീക്ഷിത അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ കെ.പി. അബുവും (70) മകൻ ഷെഫീക്കും (32) മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റ് വീട്ടുകാരടക്കം എല്ലാവർക്കും പരിക്കേറ്റു. മൂന്നുമാസം മുൻപായിരുന്നു ഷെഫീക്കിന്റെ വിവാഹം.വർഷങ്ങളുടെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തിയ കെ.പി. അബു ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് അധികം പുറത്തിറങ്ങാറില്ലായിരുന്നു. മുൻപുണ്ടായിരുന്ന വീട് വിറ്റശേഷം സമീപത്ത് വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡിൽ വാങ്ങിയ സ്ഥലത്താണ് പുതിയ വീടുനിർമാണം തുടങ്ങിയത്.തിങ്കളാഴ്ചയാണ് കുടുംബസമേതം മൂന്നാറിലേക്ക് ഇവർ വിനോദയാത്രയ്ക്ക് പോയത്. മടക്കയാത്രയിൽ കോതമംഗലം അച്ചൻകാവിനു സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ 1.30-ഓടെ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ അബുവും ഷെഫീക്കും മരണപ്പെട്ടതോടെ കുടുംബത്തിന്റെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റത്. കാറിലുണ്ടായിരുന്ന അബുവിന്റെ ഭാര്യ സീനത്ത്, മകൾ അനീഷ, ഷെഫീക്കിന്റെ ഭാര്യ സുഫീന, അനീഷയുടെ മകൻ മുഹമ്മദ് ഷാൻ, ഷെഫീക്കിന്റെ സുഹൃത്ത് സിദ്ദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് ആംബുലൻസുകളിലായി വീട്ടിലെത്തിച്ച മൃതദേഹങ്ങൾ കോട്ടൂർ പള്ളിയിൽ ഖബറടക്കി.
ഒരുദിനം പോലും താമസിക്കാനായില്ല, സ്വപ്‌നഗൃഹത്തിൽ ബാപ്പയ്ക്കും മകനും യാത്രാമൊഴി; തേങ്ങലോടെ നാട്
Read Time:2 Minute, 44 Second