“വേണം എയിംസ് കാസറഗോഡിന്” ; ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘മനുഷ്യചങ്ങല’ ഇന്ന് ഉച്ചയ്ക്ക് 2.30ന്
കാസര്‍ഗോഡ്: എയിംസിനു വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്രത്തിനു നല്കിയ പ്രൊപ്പോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേരുകൂടി ഉള്‍പ്പെടുത്തണമെന്നും കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട്എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് മനുഷ്യച്ചങ്ങല കോര്‍ക്കുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ 3.15 വരെ പരിപാടിയില്‍ നാഷണല്‍ അലയന്‍സ് പീപ്പിള്‍സ് മൂവ്മെന്റ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സഞ്ജയ് മംഗള ഗോപാല്‍ നിരാഹാര പന്തലിന് മുന്നില്‍ ചങ്ങലയിലെ കണ്ണിയായി ഉദ്ഘാടനം നിര്‍വഹിക്കും.
മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകാന്‍ കാസര്‍ഗോഡിന് പുറമെ 13 ജില്ലകളില്‍നിന്നും ഐക്യദാര്‍ഢ്യവുമായി സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകര്‍ എത്തും. നിശ്ചലകലാ രൂപങ്ങള്‍ ചങ്ങലയില്‍ പ്രദര്‍ശിപ്പിക്കും. നഗരത്തിനുള്ളില്‍ 30 സ്ഥലങ്ങളില്‍ വിവിധ തുറകളിലെ നേതാക്കള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആയിരങ്ങള്‍ പ്രതിജ്ഞ ഏറ്റുചൊല്ലും. എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരും അമ്മ മാരും, ജാതി-മത-രാഷ്ട്രീയ സംഘടനാ നേതാക്കള്‍, അധ്യാത്മിക ഗുരുക്കള്‍, എല്ലാ വിഭാഗം തൊഴിലാളികള്‍, കലാ-സാഹിത്യ-സാംസ്കാരിക നേതൃത്വങ്ങള്‍, വ്യാപാരികള്‍, വിദ്യാര്‍ഥി-യുവജന-വനിതാ പ്രസ്ഥാനങ്ങള്‍, എയിംസ് കൂട്ടായ്മ പ്രവര്‍ത്തകര്‍ മനുഷ്യച്ചങ്ങലയില്‍ അണിനിരക്കും.
പ്രൊപ്പോസലില്‍ കാസര്‍ഗോഡ് ജില്ലയുടെ പേര് കുറിക്കുന്നതുവരെ സമര പോരാട്ടങ്ങളുമായി എയിംസ് ജനകീയ കൂട്ടായ്മ സമര സജീവത നിലനിര്‍ത്തുമെന്നും അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികളായ അമ്ബലത്തറ കുഞ്ഞികൃഷ്ണന്, ഗണേഷ് അരമങ്ങാനം, നാസര്‍ ചെര്‍ക്കളം, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ഫറീന കോട്ടപ്പുറം, അനന്തന് പെരുമ്ബള, സലീം ചൗക്കി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.