ദേശീയപാത വികസനത്തിലൂടെ മുഖം മിനുക്കാനൊരുങ്ങി കാസറഗോഡ്; രണ്ടര വർഷം കൊണ്ട് പൂർത്തീകരിക്കുന്ന റോഡിന്റെ അകറ്റുപണി 15വർഷത്തേക്ക് ഇതേ കമ്പനി വഹിക്കണം
കാള വണ്ടിയുടെയും കുതിര വണ്ടികളുടെയും കാലം കടന്ന് ജില്ലയിലെ ദേശീയപാത വികസിക്കുകയാണ്. വഴിയോരങ്ങളിലെ മരങ്ങളും കടമുറികളും കെട്ടിടങ്ങളും പൊളിച്ചു നീക്കി പാതയുടെ വികസനം പുരോഗമിക്കുമ്പോൾ വരുന്ന മാറ്റങ്ങൾ എന്തെല്ലാം?
കാസർകോട് : ചങ്ങാടവും തോണിയും കാളവണ്ടിയും കുതിര വണ്ടിയുമായിരുന്നു ജില്ലയിലെ പഴയകാലത്തെ യാത്രാ മാർഗങ്ങൾ. പിന്നീട് സാധാ റോഡുകളും ദേശീയപാതയുമെത്തി. വീണ്ടും ദേശീയ പാത വികസനത്തിലൂടെ മുഖം മിനുക്കുകയാണ് കാസർകോട് ജില്ല. ചുരുങ്ങിയത് 7.5 മീറ്റർ വീതം വീതിയുള്ള രണ്ടു വരി പ്രധാന പാതയാണ് നിലവിൽ ജില്ലയിലെ ദേശീയപാത 66. ഇത് 2 ദിശയിലും 3 വരി വീതം 6 വരിയാകുന്ന വികസനമാണ് നടക്കുന്നത്. റോഡിന്റെ ആകെ വീതി 28 മീറ്റർ. ഇതിനു പുറമേ പാതയുടെ 2 അരികിലും 6.50 മീറ്റർ വീതം വീതിയിൽ 2 സർവീസ് റോഡും.
ശേഷിച്ച 4 മീറ്റർ വൈദ്യുതി, വെള്ളം ലൈൻ, നടപ്പാത, യൂട്ടിലിറ്റി കോറിഡോർ, ഡിവൈഡർ, വേലി തുടങ്ങിയവയ്ക്ക് നീക്കി വക്കും. ഇവ ഉൾപ്പെടെ ദേശീയപാതയുടെ ആകെ വീതി 45 മീറ്റർ ആവും. 83.12 കിലോ മീറ്റർ ആണ് ജില്ലയിലെ ആകെ ദേശീയപാത ദൂരം.
തലപ്പാടി റീച്ച്:
കേരള–കർണാടക സംസ്ഥാന അതിർത്തി കവാടം കടന്ന് തലപ്പാടിയിൽ ആണ് സംസ്ഥാനത്ത് ജില്ലയിലെ ആദ്യ റീച്ച് പാത വികസനം തുടങ്ങുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ദേശീയപാതയുടെ ആദ്യ റീച്ച് നിർമാണ കരാർ. തലപ്പാടി മുതൽ ചെങ്കള വരെ ആണ് ഈ റീച്ച്. 39 കിലോമീറ്റർ ദൂരം. 1704.13 കോടി രൂപയുടെ പദ്ധതി. ഡിസംബറിൽ നിർമാണം തുടങ്ങി.
ചെങ്കള റീച്ച്:
ചെങ്കള മുതൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം വരെയാണ് രണ്ടാം റീച്ച്. ദൂരം 37.268 കിലോമീറ്റർ. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് ആണ് നിർമാണം നടത്തുന്നത്. ഒക്ടോബർ 15 നു നിർമാണം തുടങ്ങി. രണ്ടാം റീച്ചിൽ 1799 കോടി രൂപയാണ് നിർമാണ ചെലവ്. പള്ളിക്കര റെയിൽവേ മേൽപാലത്തിന്റെയും പണി പുരോഗമിക്കുകയാണ്.
നീലേശ്വരം റീച്ച്:
നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോൽ പാലം വരെയാണ് ഈ റീച്ച്. കാലിക്കടവ് വരെ 6.85 കിലോ മീറ്റർ ദൂരമാണ് ഇതിൽ ജില്ലയിലുള്ളത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനാണ് ഇവിടെയും നിർമാണ ചുമതല. 3061 കോടിയാണ് നിർമാണ ചെലവ്.
നടപടി തുടങ്ങിയത് 2012ൽ
സംസ്ഥാനത്താകെയുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായി 2012ലാണ് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ജില്ലയിൽ റവന്യു അധികൃതർ മുഖേന സ്ഥലം അക്വയർ ചെയ്യുന്നതിനുള്ള വിജ്ഞാപനത്തിനു തുടക്കമായത്. 2014വരെ മന്ദഗതിയിലായ പ്രവർത്തനത്തിന് ഒടുവിൽ നാഷനൽ ഹൈവേ അതോറിറ്റി വികസന പദ്ധതിയിൽ നിന്നു പിന്മാറി. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി ചർച്ച നടത്തി തിരികെ വികസനത്തിലേക്കു വഴി തെളിച്ചതോടെ സ്ഥലമെടുപ്പു നടപടികൾക്കു വേഗം കൂടി. 3 വില്ലേജുകളിൽ സ്ഥലത്തിനു നിശ്ചയിച്ച നിരക്ക് കൂടുതൽ ആണെന്ന് ദേശീയപാത അതോറിറ്റി പരാതി ഉന്നയിച്ചതോടെ സ്ഥലമെടുപ്പു നടപടികൾ പല ഘട്ടങ്ങളിലായി അനിശ്ചിതത്വത്തിലായി. ഇതിനു ശേഷമാണ് ഇപ്പോൾ പാത വികസനം വീണ്ടും ലക്ഷ്യത്തിലേക്ക് അടുക്കുന്നത്.
സ്ഥലം ഏറ്റെടുത്തത് 94.2 ഹെക്ടർ
ജില്ലയിൽ ആകെ 94.2 ഹെക്ടർ ഭൂമി ആണ്
ദേശീയപാത 6 വരി:
ജില്ലയിൽ ആകെ 94.2 ഹെക്ടർ ഭൂമി ആണ് ദേശീയപാത 6 വരി വികസനത്തിനു അക്വയർ ചെയ്തത്. ഇതിൽ 5180 സ്വകാര്യ ഉടമകളുടെ ഭൂമി 68.52 ഹെക്ടർ. സ്വകാര്യ ഉടമസ്ഥതയിലുള്ള 66.35 ഹെക്ടർ അക്വയർ നടപടികൾ പൂർത്തിയാക്കി. ഇനി പൂർത്തിയാക്കാൻ ഉള്ളത് 2.17 ഹെക്ടർ ഭൂമിയുടെ നടപടികൾ. 1093 കോടി രൂപയാണ് ഉടമകൾക്കു നൽകിയത്. ഇനി കൊടുക്കാൻ ഉള്ളത് 240 കോടി രൂപ. അതിനിടെ കിട്ടിയ വില കുറഞ്ഞുവെന്ന ആയിരത്തിലേറെ പരാതികളുണ്ട് കലക്ടറുടെ തീർപ്പും കാത്ത്.
പൂർത്തിയാക്കൽ രണ്ടര വർഷംകൊണ്ട്
രണ്ടര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുകയെന്ന കരാറുമായി രണ്ടു കമ്പനികളും മുന്നോട്ടു നീങ്ങുമ്പോൾ സ്ഥലമെടുപ്പ് പൂർത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് റവന്യു അധികൃതർ. റോഡ് നിർമാണം പൂർത്തിയായി 15 വർഷത്തെ അറ്റകുറ്റപ്പണിയും ഈ കമ്പനികൾ വഹിക്കണം എന്നതാണ് കരാർ നിബന്ധന.