ഉപ്പളയിലെ വ്യാപാരി പ്രതിഷേധം:പ്രശ്ന പരിഹാര വാതിൽ തുറക്കുന്നു, ജില്ലാ -സംസ്ഥാന നേതാക്കൾ ജനറൽ ബോഡിയിൽ പങ്കെടുക്കും
ഉപ്പള: നിക്ഷേപകരായ വ്യാപാരികളുടെ നാലര കോടി തട്ടിയെടുത്ത സംഭവത്തിൽ ‘സേവ് വ്യാപാരി ഫോറം’ പ്രവർത്തകർ താഴിട്ട് പൂട്ടിയ ഉപ്പളയിലെ വ്യാപാരി ഭവൻ ഇന്നലെ നടത്തിയ സമവായ ചർച്ചയിൽ പ്രതിഷേധക്കാർ തുറന്ന് കൊടുത്തു.
വ്യാഴാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സേവ് വ്യാപാരി ഫോറം നേതാക്കൾ പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളിൽ ജില്ലാ- സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ജനറൽ ബോഡി വിളിക്കാനും സമവായ ചർച്ചയിൽ ധാരണയായി. 750 ഓളം വ്യാപാരികൾ അംഗങ്ങളായ ഉപ്പള വ്യാപാര ഭവൻ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുള്ള യൂണിറ്റാണ്.
നിലവിൽ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീക്കും, സഹപ്രവർത്തകരും വരുത്തിയ ബാധ്യതക്ക് പകരമായ പണമോ അവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ വ്യാപാരി നേതാക്കൾ കൈപ്പറ്റി അത് വില്പന നടത്താനും, വ്യാപാരി ആസ്ഥാനം വില്പന നടത്താതെ ദീർഘനാളിൽ ലീസിനു നൽകിയാൽ കിട്ടുന്ന തുകയും ബാധ്യത തീർക്കാൻ ഉപയോഗിക്കും. ഒപ്പം, കിട്ടാ കടമായ രണ്ടര കോടി പോലീസ് സഹായത്തോടെ പിരിച്ചെടുക്കും. ഈ തീരുമാനങ്ങൾ ഏക സ്വരത്തിൽ പാസാക്കി എടുക്കാൻ കഴിയുമെന്നാണ് നേതാക്കളുടെ പ്രത്യാശ.
എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇതേ പല്ലവി ആവർത്തിക്കുന്ന വ്യാപാരി നേതാക്കളെ വിശ്വസിക്കുക പ്രയാസമാണെന്നും ജനറൽ ബോഡി യോഗ തീരുമാനം യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിൽ വരുത്താത്ത പക്ഷം സേവ് വ്യാപാരി ഫോറം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ചെയർമാൻ കെ എഫ് ഇഖ്ബാൽ മുന്നറിയിപ്പ് നൽകി.