ട്വന്റി20 ലോകകപ്പ്: കന്നിക്കിരീടത്തിൽ മുത്തമിട്ട് ഓസീസ്
ട്വന്റി20 ലോകകപ്പ്
ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു.
തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ആരോന്‍ ഫിഞ്ചിനെ നഷ്ടമായ ഓസ്‌ട്രേലിയയെ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമാണ് മത്സരത്തില്‍ തിരിച്ചെത്തിച്ചത്. രണ്ടാം വിക്കറ്റില്‍ 92 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ 4 ഫോറും 3 സിക്സുമടക്കം 53 റണ്‍സ് നേടി പുറത്തായപ്പോള്‍ 31 പന്തില്‍ ഫിഫ്റ്റി നേടിയ മിച്ചല്‍ മാര്‍ഷ് 50 പന്തില്‍ 6 ഫോറും 4 സിക്സുമടക്കം 77 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. മാക്‌സ്‌വെല്‍ 18 പന്തില്‍ 4 ഫോറും ഒരു സിക്സുമടക്കം 28 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ന്യൂസിലാന്‍ഡിന് വേണ്ടി ട്രെന്‍ഡ് ബോള്‍ട്ട് നാലോവറില്‍ 18 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഒറ്റയാള്‍ പോരാട്ടമികവിലാണ് മികച്ച സ്കോര്‍ നേടിയത്. 48 പന്തില്‍ നിന്നും 10 ഫോറും 3 സിക്സുമുള്‍പ്പടെ 85 റണ്‍സ് നേടിയാണ് വില്യംസണ്‍ പുറത്തായത്. ഐസിസി ടി20 ലോകകപ്പ് ഫൈനലിലെ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. കെയ്ന്‍ വില്യംസണെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റൊരു ബാറ്റര്‍ക്കും മികവ് പുലര്‍ത്താന്‍ സാധിച്ചില്ല.
ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സാംപ നാലോവറില്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.