അടിപതറി കൊൽക്കത്ത; ചെന്നൈക്ക് നാലാം ഐ.പി.എല് കിരീടം, 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടം സ്വന്തമാക്കി
ദുബായ്: നായകൻ എം.എസ് ധോണിയുടെ തൊപ്പിയിൽ മറ്റൊരു ഐ.പി.എൽ കിരീടം കൂടി. ഐ.പി.എൽ 14-ാം സീസൺ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് തങ്ങളുടെ നാലാം ഐ.പി.എൽ കിരീടം സ്വന്തമാക്കി. ധോനിയുടെ കീഴിൽ ടീമിന്റെ നാലാം ഐ.പി.എൽ കിരീടം.
2012-ൽ കൊൽക്കത്തയോടേറ്റ ഫൈനൽ തോൽവിക്ക് പകരം വീട്ടാനും ചെന്നൈക്കായി. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ നിരാശ ഈ സീസണിലെ കിരീട നേട്ടത്തോടെ ചെന്നൈ മറികടന്നു.
സൂപ്പർ കിങ്സിനെതിരേ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും അർധ സെഞ്ചുറികളുമായി തിളങ്ങിയെങ്കിലും തുടർന്നെത്തിയ കൊൽക്കത്ത ബാറ്റ്സ്മാൻമാർക്ക് ആ തുടക്കം മുതലാക്കാനായില്ല. ഇരുവരുമൊഴികെ ടീമിൽ രണ്ടക്കം കടക്കാനായത് പത്താമനായി ക്രീസിലെത്തിയ ശിവം മാവിക്ക് മാത്രം. മാവി 13 പന്തിൽ നിന്ന് 20 റൺസെടുത്തു.
ഒരു ഘട്ടത്തിൽ 10.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 91 റൺസെന്ന നിലയിലായിരുന്ന കൊൽക്കത്ത അവിശ്വസനീയമായ രീതിയിൽ തകർന്നടിയുകയായിരുന്നു.
193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും ചേർന്ന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. 64 പന്തിൽ നിന്ന് 91 റൺസടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
വെറും 32 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 50 റൺസെടുത്ത വെങ്കടേഷ് അയ്യരെ മടക്കി ഷാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ രണ്ടാം ഓവറിൽ അക്കൗണ്ട് തുറക്കും മുമ്പ് വെങ്കടേഷ് നൽകിയ ക്യാച്ച് എം.എസ് ധോനി നഷ്ടപ്പെടുത്തിയിരുന്നു.