അബുദാബി: യു.ഇ.എയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട കസ്റ്റംസ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) പുറത്തിറക്കി. ജി.സി.സി ഏകീകൃത കസ്റ്റംസ് നയങ്ങളും യു.എ.ഇയുടെ പ്രത്യേക നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും.
ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം യാത്രക്കാര്‍ക്ക് ലഗേജില്‍ കൊണ്ടുപോവാനും കൊണ്ടുവരാനും അനുവദിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ വസ്തുക്കള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.
ഗള്‍ഫ് രാജ്യങ്ങളും യു.എ.ഇയും നിരോധിച്ച ഉല്‍പന്നങ്ങള്‍, വസ്തുക്കള്‍, പരിധിയില്‍ കവിഞ്ഞ പണം എന്നിവ ലഗേജില്‍ പാടില്ല. സുരക്ഷിതയാത്രയ്ക്ക് പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശം ഗുണം ചെയ്യുമെന്ന് എഫ്.സി.എ ചെയര്‍മാനും കസ്റ്റംസ് കമ്മിഷണറുമായ അലി സഈദ് മതാര്‍ അല്‍ നെയാദി പറഞ്ഞു.
നിയമലംഘകര്‍ക്ക് തടവോ പിഴയോ രണ്ടും ചേര്‍ത്തോ ആയിരിക്കും ശിക്ഷ. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കള്‍ കണ്ടുകെട്ടും. നിയമം സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്ന അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലുള്ള പ്രത്യേക ബോധവല്‍ക്കരണ വീഡിയോയും എഫ്.സി.എ പുറത്തിറക്കി. ഇത് അതോറിറ്റിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും www.fca.gov.ae എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
സിനിമാ പ്രൊജക്ടറുകള്‍, റേഡിയോ-സിഡി പ്ലെയറുകള്‍, ഡിജിറ്റല്‍ കാമറകള്‍, ടിവിയും റിസീവറും (ഒരെണ്ണം വീതം), വ്യക്തിഗത സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ കംപ്യൂട്ടറുകളും പ്രിന്ററുകളും, നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ അനുവധിനീയമാണ്.
യാത്രക്കാര്‍ കൈയില്‍ കരുതുന്ന ഗിഫ്റ്റുകളുടെ മൂല്യം 3,000 ദിര്‍ഹത്തില്‍ കൂടാന്‍ പാടില്ല. പരമാവധി 200 സിഗരറ്റുകള്‍ മാത്രമേ അനുവദിക്കൂ. 18 വയസ്സില്‍ താഴെയുള്ള യാത്രക്കാര്‍ പുകയില ഉല്‍പ്പന്നങ്ങളോ മദ്യമോ കൈയില്‍ കരുതാന്‍ പാടില്ല. 60,000 ദിര്‍ഹത്തിന്റെ മൂല്യത്തില്‍ കൂടുതലുള്ള കറന്‍സികളോ വിലപിടിപ്പുള്ള ലോഹങ്ങളോ രത്‌നങ്ങളോ, മറ്റൊരാള്‍ക്ക് നല്‍കാനുള്ള എന്തെങ്കിലും സാധനങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം വെളിപ്പെടുത്തണം.
അധികൃതരുടെ അനുമതിയോട് കൂടി ചില നിയന്ത്രിത വസ്തുക്കള്‍ കൊണ്ടുവരാം. ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളം, കീടനാശിനി, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടക വസ്തുക്കള്‍, പടക്കം, മരുന്ന്, വൈദ്യ ഉപകരണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പുതിയ വാഹനത്തിന്റെ ടയറുകള്‍, വയര്‍ലസ് ഉപകരണങ്ങള്‍, മദ്യം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, അസംസ്‌കൃത രത്‌നം, പുകയിലയില്‍ നിന്നുണ്ടാക്കിയ സിഗരറ്റ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. ഇവ കൊണ്ടുവരണമെങ്കില്‍ ഓരോ വസ്തുക്കളുമായും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
മയക്കുമരുന്നുകള്‍, ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും, നൈലോണ്‍ കൊണ്ടുള്ള മീന്‍ വല, പന്നി വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍, ആനക്കൊമ്പ്, ചുവന്ന ലൈറ്റുള്ള ലേസര്‍ പെന്‍, വ്യാജ കറന്‍സികള്‍, ആണവ വികിരണമേറ്റ വസ്തുക്കള്‍, മതനിന്ദയുള്ളതോ അശ്ലീലം ഉള്‍ക്കൊള്ളുന്നതോ ആയ പുസ്തകങ്ങളും ചിത്രങ്ങളും, കല്‍ പ്രതിമകള്‍, വെറ്റില ഉള്‍പ്പെടെയുള്ള മുറുക്കാന്‍ വസ്തുക്കള്‍ എന്നിവ നിരോധിക്കപ്പെട്ട വസ്തുവാണ്. ഇത്തരം സാധനങ്ങള്‍ കൊണ്ടുവരരുതു.
അതേസമയം, അപരിചിതരുടെ കൈയില്‍ നിന്ന് അകത്ത് എന്താണെന്ന് അറിയാത്ത ലഗേജുകളോ ബാഗുകളോ സ്വീകരിക്കരുത്. അത്തരം ബാഗുകളില്‍ ചിലപ്പോള്‍ മയക്കുമരുന്നോ പരിധിയില്‍ കൂടുതല്‍ പണമോ മറ്റ് വസ്തുക്കളോ ഉള്‍പ്പെട്ടേക്കാം. മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ഡോക്ടറുടെ അംഗീകൃത കുറിപ്പ് കൈയില്‍ കരുതണമെന്നും വിമാന കമ്പനികളും മറ്റും പ്രഖ്യാപിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും എഫ്.സി.എ അറിയിച്ചു.
നിയമങ്ങള്‍ ലംഘിച്ച് സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ ശക്തമായ ശിക്ഷയാണ് ഉള്ളതെന്നും എഫ്.സി.എ മുന്നറിയിപ്പ് നല്‍കി. ലഗേജിലെ ഉള്ളടക്കങ്ങളെ കുറിച്ച് കസ്റ്റംസ് അധികൃതരില്‍ നിന്ന് മറച്ചുവയ്ക്കുന്നതും കുറ്റകരമാണ്.