കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. ഒരുകാലത്തുമില്ലാത്തവിധം ഇന്ധനവില ഉയരുന്നതിെനാപ്പം സവാളക്കും ഉള്ളിക്കും കോഴിക്കും മുതൽ നിർമാണസാമഗ്രികൾക്ക് വരെ വില കൂടുകയാണ്. കോവിഡ്കാലത്ത് തൊഴിലും വരുമാനവും താളംതെറ്റിയ ഇടനിലക്കാരുടെ ജീവിതം ഇതോടെ കൂടുതൽ ദുരിതപൂർണമായി.
പെട്രോൾ 90ലേക്ക്
തുടർച്ചയായി രണ്ടാം ദിവസവും ഇന്ധനവില കൂടി. വെള്ളിയാഴ്ച പെേട്രാൾ ലിറ്ററിന് 30 ൈപസയും ഡീസലിന് 31 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 88.83 രൂപയും ഡീസലിന് 82.96 രൂപയുമായി. കൊച്ചിയിൽ 86.91, 81.12. കോഴിക്കോട് 87.27, 81.50. ജനുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.11 ഉം ഡീസലിന് 3.31 ഉം രൂപ വർധിച്ചു.കഴിഞ്ഞദിവസം ഗാർഹിക പാചകവാതക സിലിണ്ടറിന് 25 ഉം വാണിജ്യാവശ്യത്തിനുള്ളവക്ക് 191 ഉം രൂപ കൂടിയിരുന്നു. ഇതോടൊപ്പം റേഷൻ മണ്ണണ്ണ ലിറ്ററിന് മൂന്ന് രൂപയും സി.എൻ.ജിക്ക് രണ്ട് രൂപയും വർധിപ്പിച്ചു. മൂന്ന് മാസത്തിനിടെ മണ്ണെണ്ണക്ക് എട്ട് രൂപ കൂടി. ഇന്ധനവിലക്കയറ്റം അവശ്യവസ്തുക്കളുടെ വിലയും ഉയർത്തുകയാണ്.
സിമൻറിന് കുറഞ്ഞു; കമ്പിക്ക് കൂടി
സിമൻറ് വില പാക്കറ്റിന് 430 വരെയെത്തിയിരുന്നു. കോവിഡിൽ നിർമാണങ്ങൾ കുറഞ്ഞതോടെ വില 395–400ലേക്ക് താഴ്ന്നു. എന്നാൽ, കിലോക്ക് 50-52 രൂപയായിരുന്ന കമ്പിക്ക് 65 ആണ് വില. പ്രധാന ബ്രാൻഡുകൾക്ക് ഇടക്കാലത്ത് 70 വരെ ഉയർന്നിരുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് വില കൂടാൻ കാരണമായി പറയുന്നത്.
പാറമണലിനും താരതമ്യേന ഉയർന്ന വിലയാണ്. മികച്ചതിന് അടിക്ക് 40–45 രൂപ. 20 എം.എം മെറ്റലിന് അടിക്ക് 30 രൂപയാണ്. നിർമാണസ്ഥലത്തെത്തിക്കുേമ്പാൾ വില പിന്നെയും ഉയരും. അംഗീകൃത ക്വാറികളുടെ എണ്ണം കുറഞ്ഞതാണ് കാരണമായി പറയുന്നത്.
ഉള്ളിയും സവാളയും മേലോട്ട്
എറണാകുളം മാർക്കറ്റിൽ ചെറിയഉള്ളി മൊത്ത വില 85 ൽനിന്ന് നൂറിന് മുകളിലെത്തി. സവാള 35ൽ നിന്ന് 44 രൂപയായി.40 രൂപയുണ്ടായിരുന്ന വെണ്ടക്ക 60 ആണ്. ഒരു കിലോ മുരിങ്ങക്ക് 120 രൂപ നൽകണം. ചൂട് കൂടിയതോടെ പഴവർഗ വിലയിലും വർധനവുണ്ട്. പക്ഷിപ്പനി ആശങ്കകൾക്കിടെ 90 ലേക്കും 95ലേക്കും താഴ്ന്ന കോഴി ചില്ലറവിൽപന വില 110ലെത്തി.