കാഞ്ഞങ്ങാട്:
2016 മുതൽ 2019 വരെ കേരളത്തിലെ എയിഡഡ് സ്കൂളികളിൽ നിയമനം നേടിയ അധ്യാപകർക്ക് നിയമനാംഗീകാരമോ അഞ്ച് വർഷമായി ശമ്പളമോ നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നോൺ അപ്രൂവ്‌ഡ് ടീച്ചേർസ് യൂണിയൻ കേരളയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ അനിശ്ചിത കാല ഉപവാസ സമരം തുടങ്ങി.
സർക്കാരിന്റെ അധ്യാപക വിരുദ്ധ സമീപനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി NATU വിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ജില്ലാ NATU കൂട്ടായ്മയും സമരത്തിനിറങ്ങിയത്. കേരളാ കാത്തലിക് ബിഷപ്പ് കൗൺസിൽ എഡുക്കേഷൻ ടീച്ചേർസ് ഗിൽഡും സമരത്തിന് പിന്തുണ അറിയിച്ചു. അനിശ്ചിത കാലം നടക്കുന്ന സമരത്തിന്റെ വിവിധ ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ നായകരും ജനപ്രതിനിധികളും സമരത്തെ അഭിവാദ്യം ചെയ്യും.
2016 ൽ സർക്കാർ കൊണ്ട് വന്ന കെ ഇ ആർ ഭേദഗതി കാരണം എയിഡഡ് സ്കൂളിൽ മാനേജർമാർ നിയമനം നടത്തുമ്പോൾ 1:1 അഥവാ അമ്പതു ശതമാനം ടീച്ചേർസ് ബേങ്കിൽ നിന്നുള്ള പ്രൊട്ടക്റ്റഡ് അധ്യാപകരെ നിയമിക്കണമെന്ന 2016ലെ KER ഭേദഗതിയാണ് അധ്യാപകരെ ദുരിതത്തിലാക്കിയത്. ഈ ഭേദഗതി അംഗീകരിക്കാത്തത് കാരണം സംസ്ഥാനത്തെ മൂവായിരത്തിലധികം അധ്യാപകർക്ക് നിയമനാംഗീകാരം ലഭിച്ചില്ല. അഞ്ച് അധ്യയന വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ് അധ്യാപകർ.
ഭേദഗതിക്ക് സ്പഷ്ടീകരണം എന്ന നിലക്ക് ഇടക്കാലത്ത് കൊണ്ടുവന്ന സർക്കാരിന്റെ വിശദീകരണം കൊണ്ടും പ്രശ്നം പരിഹരിച്ചില്ല. ഇടക്ക് പ്രശ്ന പരിഹാരത്തിനെന്ന പേരിൽ നടത്തിയ ചർച്ചകളും എങ്ങുമെത്തിയില്ല. സർക്കാർ വാഗ്ദാനങ്ങളും ദുശ് ലാക്കോടെ മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ അധ്യാപകരാണ് ഭിക്ഷാടന- വിൽപന-പ്രതിഷേധ പരിപാടികൾ സംസ്ഥാനത്തുടനീളം നടത്തി വരുന്നത്. ഓരോ സ്കൂളിലും ഓരോ പോസ്റ്റ് വീതം സർക്കാരിന് വിട്ട് നൽകാൻ മാനേജ്മെന്റ് സമ്മതിച്ചതാണ്. കൂടാതെ ടീച്ചേർസ് ബേങ്കിലെ മുഴുവൻ അധ്യാപകരേയും ഏറ്റെടുത്തോളാമെന്ന് മാനേജ്മെന്റ് സമ്മതമറിയിച്ചു. പക്ഷെ സർക്കാർ ഒഴികഴി പറഞ്ഞ് അധ്യാപകരുടെ ദുരിത്തത്തിന് കോവിഡ് കാലത്തും ആക്കം കൂട്ടിയതല്ലാതെ പ്രശ്നപരിഹാരത്തിന് മുതിർന്നില്ല.
നൂറ് ദിന പദ്ധതിയിൽ പെടുത്തി അയ്യായിരം അധ്യാപക നിയമനം നടത്തുമെന്ന് പറയുന്ന സർക്കാർ KER മാനദണ്ഡം അംഗീകരിക്കുന്നവരെ പരിഗണിക്കൂ എന്നും പറയുന്നു. ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന അധ്യാപക ബേങ്കിൽ നിന്ന് സർക്കാർ എങ്ങിനെയാണ് മാനദണ്ഡം അംഗീകരിച്ചവർക്ക് വീതം വെച്ച് നൽകുക എന്നതാണ് അധ്യാപകരുടേയും മാനേജ്മെന്റിന്റേയും ആശങ്ക. ചുരുക്കിപ്പറഞ്ഞാൽ പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ മേനി പറഞ്ഞ് വിദ്യാർത്ഥി വർദ്ധനവുണ്ടായി എന്ന് ഊറ്റം കൊള്ളുന്ന സർക്കാർ ആ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ മതിയായ അധ്യാപകരെ നിയമിക്കാതിരിക്കുകയോ, നിയമ വിധേയമെന്ന് സർക്കാർ അംഗീകരിച്ച പോസ്റ്റുകളിൽ മാനേജ്മെന്റ് നിയമിച്ചവർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാതെ അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കുകയാണ് സർക്കാർ. ഇതിനെതിരെ പൊതുജനാഭിപ്രായം കൂടി തേടലാണ് സമരത്തിന്റെ ലക്ഷ്യമെന്ന് NATU സംസ്ഥാന സമിതി അറിയിച്ചു.
കാഞ്ഞങ്ങാട്ട് രണ്ടാം ദിനം നടന്ന സമരത്തിൽ ഉപ്പള AJI AUP സ്കൂൾ അധ്യാപകരായ സുലൈഖ, നിഹാറ, ഷംസീറ, ഫൗസിയ നേതൃത്വം നൽകി.