തിരുവനന്തപുരം: ഡിസംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 180കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനുള്ള ചെലവ് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധിയില്‍. കടമെടുക്കാന്‍ എവിടേക്കോടുമെന്ന ആലോചനയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ മൂന്നിടത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തിലുള്ള തിരഞ്ഞെടുപ്പായതാണ് ഇത്രയും ചെലവ് വരുന്നത്. കൊവിഡുകാല പശ്ചാത്തല സൗകര്യമൊരുക്കാന്‍ തന്നെ ഭീമമായ സംഖ്യയാണ് ചെലവ് വരുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തുന്ന രണ്ടു ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ബൂത്തുകളിലേക്കുള്ള സാനിറ്റൈസറുകളും മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനില്‍ നിന്ന് വാങ്ങാന്‍ വേണ്ടിമാത്രം 12കോടിയോളം രൂപ വരും. മൊത്തം ചെലവ് 180 കോടി രൂപ വരുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
കൊവിഡ് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചെലവ് ഇനിയും വര്‍ധിച്ചേക്കാം. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ബൂത്തുകളുടെ എണ്ണം കൂട്ടേണ്ടിവരും. സാമൂഹ്യ അകലം പാലിച്ച് ഒരു ബൂത്തില്‍ ഒരേസമയം മൂന്നുപേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ പ്രവേശനമുണ്ടാകൂ. ഒരു വോട്ടര്‍ക്ക് മൂന്ന് വോട്ട് ചെയ്യേണ്ടതിനാല്‍ സമയം എടുക്കും. അതിനാലാണ് ബൂത്തുകളുടെ എണ്ണം കൂട്ടുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് പൊലിസിനെ വിന്യസിക്കുന്നത് സംബന്ധിച്ച ചര്‍ച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡി.ജി.പിയുമായി അടുത്തയാഴ്ച നടത്തും. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പൊലിസിന് കഴിയുമോ എന്നതാണ് ചര്‍ച്ചയിലെ മുഖ്യ വിഷയം. ഒറ്റഘട്ടമായി നടത്തുന്നതില്‍ പൊലിസ് ബുദ്ധിമുട്ട് അറിയിക്കുകയാണെങ്കില്‍ രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തും.