പത്തനംതിട്ട : ഡ്രൈവിങ് പഠനം മുതല്‍ പഴയ വാഹന പരിശോധന വരെയുള്ള വാഹന സംബന്ധിയായ കാര്യങ്ങള്‍ വന്‍കിട സ്വകാര്യകമ്ബനികള്‍ക്ക് കൈമാറുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മോട്ടോര്‍ വാഹനനിയമം അടുത്തവര്‍ഷം പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെയാണ് ഈ സമഗ്രമാറ്റം. ഓട്ടോമോട്ടീവ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മാനദണ്ഡം അനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അടുത്തവര്‍ഷം ആദ്യത്തോടെ പൂര്‍ണതോതില്‍ നടപ്പാകുമ്ബോള്‍ സംസ്‌ഥാന ആര്‍.ടി. ഓഫീസ് ജീവനക്കാരുടെ ജോലി പൊതുഗതാഗത പരിശോധനയില്‍ ഒതുങ്ങും. പദ്ധതിക്കെതിരേ ഓട്ടോ കണ്‍സള്‍ട്ടന്റ് ആന്‍ഡ് ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ ശക്‌തമായി രംഗത്തുണ്ടെങ്കിലും പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ഡ്രൈവിങ് ലൈസന്‍സ്: പരിശീലനവും പരീക്ഷയും നടത്തി ഡ്രൈവിങ് ലൈസന്‍സ് നല്‍കാനുള്ള ചുമതല വന്‍കിട വാഹന നിര്‍മ്മാതാക്കള്‍ നേതൃത്വം നല്‍കുന്ന സ്‌ഥാപനങ്ങള്‍ക്കായിരിക്കും. ഡ്രൈവിങ് പഠനത്തിനായി രാജ്യാന്തര നിലവാരത്തിലുള്ള റാമ്ബുകള്‍ നിര്‍മിക്കും.
വാഹന രജിസ്‌ട്രേഷന്‍, റീ ടെസ്‌റ്റിങ്: പുതിയ വാഹനം നിര്‍മാണകമ്ബനി തന്നെ രജിസ്‌റ്റര്‍ ചെയ്‌ത് ഉടമസ്‌ഥനു കൈമാറും. ഇപ്പോള്‍ താത്‌കാലിക രജിസ്‌ട്രേഷനാണ് കമ്ബനികള്‍ ചെയ്യുന്നത്. സ്വകാര്യവാഹനങ്ങളും പൊതു-ചരക്കുവാഹനങ്ങളും റീടെസ്‌റ്റിങ്ങിന് ഇടനിലക്കാരും ആര്‍.ടി.ഓഫീസും വേണ്ട. വാഹനം നിര്‍മ്മിച്ച കമ്ബനികള്‍ തന്നെ അവ പരിശോധിച്ച് അനുമതി വാങ്ങിനല്‍കും. എന്‍ജിന്‍ ശേഷി അനുബന്ധ ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതി എന്നിവയെല്ലാം വിശദമായി പരിശോധിച്ചായിരിക്കും ഫിറ്റ്‌നെസ് നല്‍കുക.
എം-പരിവാഹന്‍ സോഫ്‌റ്റ്‌വേര്‍: ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി ബുക്ക്, ടാക്‌സ് പേപ്പര്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ എം-പരിവാഹന്‍ സോഫ്‌റ്റ്‌വേറില്‍ അപ്‌ലോഡ് ചെയ്‌ത് മൊബൈല്‍ വഴി പരിശോധകരെ കാണിക്കാം.
വാഹനങ്ങള്‍ക്ക് പൊതുമാനദണ്ഡം: ബസ്, ലോറി എന്നീ ഹെവി വെഹിക്കിള്‍ വിഭാഗത്തില്‍പ്പെട്ടവയുടെ ബോഡി നീളം, വീതി, ഉയരം, സീറ്റിങ് എന്നിവ സംബന്ധിച്ച പൊതുമാനദണ്ഡം കൃത്യമായി പാലിച്ചേ നിര്‍മിക്കാനാവും.