ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതിഷേധം മുസ്ലിം ലോകത്ത് ശക്തമാകവേയാണ് അല്‍ മീറയുടെ തീരുമാനം. കൊല്ലപ്പെട്ട ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ ബാറ്റെയുടെ അനുസ്മരണ വേളയില്‍ പ്രവാചക കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിക്കുന്നതിനെ അനുകൂലിച്ച് കൊണ്ട് മാക്രോണ്‍ സംസാരിച്ചിരുന്നു.
അല്‍ മീറ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്ന കാര്യം അറിയിച്ചത്. പ്രിയ ഉപഭോക്താക്കളെ, ഞങ്ങളുടെ മുന്നോട്ടുള്ള പാതയില്‍ എപ്പോഴും വെളിച്ചമേകുന്നതാണ് നിങ്ങളുടെ അഭിപ്രായങ്ങള്‍. ഇതുപ്രകാരം ഞങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുകയാണ്. ഒരു ദേശീയ കമ്പനി എന്ന നിലയില്‍ നമ്മുടെ മതത്തിനും സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുസൃതമായ രീതിയിലും ഉപഭോക്താക്കളുടെ ആഗ്രഹത്തിന് അനുസരിച്ചുമായിരിക്കും നമ്മുടെ പ്രവര്‍ത്തനം- അല്‍ മീറ ട്വീറ്റ് ചെയ്തു.
സ്‌കൂളില്‍ തന്റെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രവാചക കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ ബാറ്റെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ മറപിടിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക വിരുദ്ധവികാരം വളര്‍ത്താനുള്ള ശ്രമത്തിനെതിരേ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇസ്ലാം വിരുദ്ധ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ഫ്രാന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.