കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവത്തില്‍ മരണ കാരണം കോവിഡ് അല്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നും വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്ത്. ആശുപത്രി ജീവനക്കാരിയുടേത് എന്ന പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. രോഗി മരിച്ചത് വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. നഴ്‌സിങ് ഓഫീസറുടെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്.
എറണാകുളം ജില്ലയിലെ കോവിഡ് കെയര്‍ സെന്ററാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്.കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഒരാളെ കോവിഡ് ബാധയെ തുടര്‍ന്ന് ഇവിടെ പ്രവേശിപ്പിച്ചിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതിനുശേഷമാണ് ആശുപത്രി നഴ്‌സിങ്ങ് ഓഫീസറുടേതെന്ന പേരിലുള്ള ശബ്ദസന്ദേശം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
രോഗം കുറഞ്ഞ് വാര്‍ഡിലേക്ക് മാറ്റാവുന്ന അവസ്ഥയിലെത്തിയ രോഗിയാണ് മരിച്ചത്. ട്യൂബ് മാറിക്കിടന്നത് ശ്രദ്ധിക്കാത്തതിനാലാണ് രോഗി മരിച്ചതെന്ന് ആരും അറിയാതിരുന്നതിനാല്‍ ഉത്തരവാദികള്‍ രക്ഷപെട്ടുവെന്നും ഇതുപോലെ സമാനസംഭവങ്ങള്‍ നടന്നുവെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.
ട്യൂബിങ്ങ് ശരിയാകാതെയാണ് രോഗിയുടെ മരണമെന്നത് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ അറിയാമെന്നും ഇക്കാര്യം ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും ആണ് നഴ്‌സിങ് ഓഫീസര്‍ ജലജാദേവിയുടെതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പ്രചരിക്കുന്നത്. ഇതിന്റെ ആധികാരികത തെളിയിക്കപ്പെടേണ്ടതുണ്ട്.
കളമശേരി മെഡിക്കല്‍ കോളേജിനെ പറ്റിയുയര്‍ന്ന ആരോപണത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്.
ശബ്ദസന്ദേശം പ്രചരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മരിച്ചയാളുടെ ബന്ധുക്കള്‍. നഴ്‌സിങ്ങ് ഓഫീസര്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന കാര്യത്തില്‍ അഭിപ്രായം പറയേണ്ട ആളല്ലെന്നും എന്തുകൊണ്ടാണ് ഇത്തരം ഒരു സന്ദേശം പുറത്തുവന്നതെന്ന് അറിയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്.