ഉപ്പള: യു.പിയിലെ ഹത്രാസിൽ ദലിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് പരിധികളിലെ പ്രധാന കേന്ദ്രങ്ങളിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടി ഉപ്പളയിൽ നടക്കും.
ഒക്ടോബർ ഒമ്പതിന് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചിൽ കവിയാത്ത ആളുകളുമായാണ് പ്രതിഷേധം. ഹത്രാസ് സംഭവത്തിൽ സുപ്രിംകോടതി മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന ആവശ്യമുയർത്തിയാണ് പ്രധാനമായും പ്രക്ഷോഭം.
കേന്ദ്ര സർക്കാറിന്റെ പാത പിൻപറ്റി ഏകാധിപത്യ നിലപാടുമായാണ് യോഗി സർക്കാർ മുന്നോട്ടു പോകുന്നത്. പ്രതികൾക്ക് വീരപരിവേഷം നൽകുന്ന ബി.ജെ.പിയുടെ പിന്തുണയും പ്രോത്സാഹനവുമാണ് രാജ്യത്ത് ദലിത്-ന്യൂനപക്ഷ വേട്ട വർദ്ധിക്കാനുള്ള പ്രധാന കാരണം. ബി.ജെ.പിക്കും എൻ.ഡി.എക്കുമെതിരെ വരുന്ന ജനകീയ മുന്നേറ്റങ്ങളെ സഹായിക്കുക എന്ന ഉത്തരവാദിത്തമാണ് ഇപ്പോൾ ജനാധിപത്യ കക്ഷികൾക്കുള്ളത്. കോവിഡ് പ്രതിസന്ധിയുടെ മറവിൽ നടക്കുന്ന അനീതികൾക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.