യുവതാരങ്ങളായ പ്രിയംഗാര്‍ഗ് അഭിഷേക് ശര്‍മ കൂട്ടുകെട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ റൈസേഴ്സ് ഹൈദരാബാദിന് ഏഴ് റണ്‍സ് വിജയം. ചെന്നൈ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ്.
ഹൈദരാബാദ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു.20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യ ആറ് ഓവറിനുള്ളില്‍ ഷെയ്ന്‍ വാട്ട്‌സണ്‍ (1), അമ്ബാട്ടി റായുഡു (8), ഫാഫ് ഡുപ്ലെസിസ് (22) എന്നിവരുടെ വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടമായി.
പിന്നാലെ കേദാര്‍ ജാദവ് എന്നിവരുടെ വിക്കറ്റ് നഷ്ടമായി. നായകന്‍ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും പൊരുതി നോക്കിയെങ്കിലും ചെന്നൈയെ വിജയിപ്പിക്കാനായില്ല.
35 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സെടുത്ത രവീന്ദ്ര ജഡേജ 18-ാം ഓവറില്‍ പുറത്തായതോടെ ചെന്നൈയുടെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചു.
36 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും റണ്‍സ് അകലെ വിജയം അവസാനിച്ചു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഹൈദരാബാദിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍164 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. യുവതാരം പ്രിയം ഗാര്‍ഗിന്റെ അര്‍ധ സെഞ്ചുറിയാണ് ഹൈദരാബാദിനെ മാന്യമായ സ്കോറിലെത്തിച്ചത്. 26 പന്തില്‍ നിന്നാണ് പുറത്താകാതെ ഒരു സിക്‌സും ആറു ഫോറുമടക്കം 51 റണ്‍സ് നേടിയത്.ആദ്യ ഓവറിലവ്‍ ഓപ്പണര്‍ ജോണി ബെയര്‍ സ്റ്റോയെ ദീപക് ചാഹര്‍ പുറത്താക്കി. മൂന്ന് പന്തുകള്‍ നേരിട്ട ബെയര്‍ സ്റ്റോ റണ്ണൊന്നുമെടുത്തില്ല. എട്ടാം ഓവറില്‍ മനീഷ് പാണ്ഡെയെ ഷാര്‍ദൂല്‍ താക്കൂര്‍ പുറത്താക്കി. 21 പന്തില്‍ 29 റണ്‍സെടുത്താണു പാണ്ഡെ പുറത്തായത്. തൊട്ടടുത്ത പന്തില്‍ തന്നെ കെയ്ന്‍ വില്യംസനും റണ്ണൗട്ടാവുകയായിരുന്നു.അഭിഷേക് ശര്‍മ 24 പന്തുകളില്‍ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു. 12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 77 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹൈദരാബാദിനായി ടി. നടരാജന്‍ രണ്ടുവിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, അബ്ദുല്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചെന്നൈയ്ക്കായി ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദൂല്‍ താക്കൂര്‍, പീയുഷ് ചൗള എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡ ധോണി സ്വന്തമാക്കി.