നിലമ്പൂർ ∙ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ പേരിൽ കോടികളുടെ അനധികൃത നിക്ഷേപം സ്വീകരിച്ച ലോങ് റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി നിഷാദ് കളിയിടുക്കിലിന് (36) എതിരെ കേസ്. ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീമിന്റെ നിർദേശമനുസരിച്ച് പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീംസ് (ബാനിങ്) ആക്ട് പ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു നിക്ഷേപകരുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ കമ്പനി എംഡിയുടെ തോട്ടക്കരയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു.
മണി ചെയിൻ മാതൃകയിൽ കോടികളുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയായ 15,000 രൂപ നിക്ഷേപിച്ചാൽ ദിവസം 270 രൂപ വീതം 300 ദിവസം ലാഭവിഹിതം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മറ്റൊരാളെ ചേർത്താൽ അതിന്റെ കമ്മിഷനും ലഭിക്കും. നിക്ഷേപങ്ങൾ മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയാക്കി മാറ്റി നിക്ഷേപകർക്കു ലഭിക്കുമെന്നും 300 ദിവസം ലാഭവിഹിതം ലഭിച്ചു കഴിഞ്ഞാൽ മോറിസ് കോയിൻ വിൽക്കാമെന്നും നിക്ഷേപകരോടു പറഞ്ഞിരുന്നു.
എന്നാൽ, സ്റ്റോക് എക്സ്ചേഞ്ചുകളിൽ കമ്പനി ലിസ്റ്റ് ചെയ്യാത്തതിനാൽ അതു സാധ്യമല്ലെന്നും സംസ്ഥാനത്ത് ഓഫിസോ, പരസ്യ വിപണന സംവിധാനമോ കമ്പനിക്കില്ലെന്നും പൊലീസ് പറഞ്ഞു. ഇന്നു മുതൽ നിക്ഷേപകരുടെ മൊഴിയെടുത്തു തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കമ്പനി നിയമാനുസൃതമായാണു പ്രവർത്തിക്കുന്നതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എംഡി നിഷാദ് അറിയിച്ചു.