കാസര്‍കോട്: ജില്ലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനം. കോവിഡ് പ്രതിദിന വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലയില്‍ 321 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 പോസിറ്റീവായത്. സമ്പര്‍ക്കത്തിലൂടെ 299 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. 453 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കും. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ വരും ദിവസങ്ങളില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രോഗവ്യാപന തോത് കുറയ്ക്കാന്‍ കഴിയുവെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. പോലീസും മാഷ് പദ്ധതിയുടെ ഭാഗമായ അധ്യാപകരും പരിശോധന നടത്താനും തീരുമാനിച്ചു.
വിവാഹത്തിന് 50 പേര്‍ക്കും മറ്റു ചടങ്ങുകളില്‍ ഇരുപതു പേര്‍ക്കും മാത്രം അനുമതി
ഇന്ന് മുതല്‍ ജില്ലയില്‍ വിവാഹത്തിന് ആകെ 50 പേര്‍ക്കും മറ്റു ചടങ്ങുകള്‍ക്ക് ആകെ 20 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി കൊള്ളും.
കടകളില്‍ ജീവനക്കാര്‍ക്ക് കയ്യുറയും മുഖാവരണവും കര്‍ശനം; ലംഘിച്ചാല്‍ കട ഏഴ് ദിവസം പൂട്ടണം
ജില്ലയില്‍ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കടയുടമയ്ക്കും ഗ്ലൗസ്, മാസ്‌ക് എന്നിവ കര്‍ശനമാക്കി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമയും ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസിനെയും മാഷ് പദ്ധതി അധ്യാപകരെയും യോഗം ചുമതലപ്പെടുത്തി. ഇതില്‍ വീഴ്ച്ച വരുത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികള്‍ കൈകൊള്ളും. നേരത്തെ നിബന്ധനയുണ്ടെങ്കിലും പലരും കൃത്യമായി നടപ്പിലാക്കിയിരുന്നില്ല.
കളി ആകാം, പക്ഷേ 20 പേരില്‍ കൂടുതല്‍ പാടില്ല
കാണികളും കളിക്കാരും ഉള്‍പ്പെടെ 20 പേരെ മാത്രം ഉള്‍പ്പെടുത്തികൊണ്ട് മാസ്‌ക് ധരിച്ച് കായികവിനോദത്തിന് അനുമതി നല്‍കാന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. ഇരുപതില്‍ കൂടുതല്‍ പേര്‍ പാടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
ഒക്ടോബര്‍ ഒന്നുമുതല്‍ ജില്ല ആശുപത്രി കോവിഡ് ആശുപത്രിയായി മാറും
ഒക്ടോബര്‍ ഒന്നുമുതല്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ വി രാംദാസ് യോഗത്തില്‍ അറിയിച്ചു. ബല്ല പ്രീമെട്രിക് ഹോസ്റ്റല്‍ കോവിഡ് ആശുപത്രിയുടെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറാന്‍ യോഗത്തില്‍ തീരുമാനമായി
സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ നില കളക്ടര്‍ പരിശോധിക്കും
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഫലമായി ജില്ലയിലെ എല്ലാ ഓഫീസുകളിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ നില കളക്ടര്‍ പരിശോധിക്കും.
തലപ്പാടി ചെക്ക് പോസ്റ്റില്‍ യൂണിഫോം തസ്തികയിലുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കും
കൊവിഡ് നിര്‍വ്യാപനത്തിനായി തലപ്പാടി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് മറ്റ് യൂണിഫോം തസ്തികയിലുള്ളവരെയും നിയോഗിക്കാന്‍ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. മോട്ടോര്‍ വാഹന വകുപ്പ്, ഫയര്‍ഫോഴ്സ്, എക്സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളിലെ യൂണിഫോം തസ്തികയിലുള്ളവരെയായിരിക്കും ഡ്യൂട്ടിക്ക് നിയോഗിക്കുക.
പൊതുഗതാഗത സംവിധാനവുമായി സഹകരിക്കണം
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കി കെ എസ് ആര്‍ ടി സി ജില്ലയില്‍ നടപ്പിലാക്കിയ ബോണ്ട് (ബസ് ഓണ്‍ ഡിമാന്റ്) പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കണം.
ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കും
തെക്കില്‍ വില്ലേജിലെ ടാറ്റാ കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഡി എം ഒ യ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ആശുപത്രിയിലേക്ക് ആവശ്യമായ റോഡ്, വൈദ്യൂതി, കുടിവെള്ളം, മറ്റ് സൗകര്യങ്ങള്‍ എന്നിവ പൂര്‍ത്തിയായതായി ഉറപ്പുവരുത്താന്‍ പൊതുമരാമത്ത്, കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
പട്ടികജാതി -പട്ടിക വര്‍ഗ്ഗ കോളനികളില്‍ കൂടുതല്‍ കരുതല്‍
ജില്ലയിലെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോളനികളിലെ കോവിഡ് രോഗവ്യാപനം വിലയിരുത്തുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും പട്ടികജാതി-പട്ടിക വര്‍ഗ്ഗ ക്ഷേമ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പ്രമോട്ടര്‍മാര്‍ കോളനികള്‍ സന്ദര്‍ശിക്കുന്നുണ്ടെന്ന് കാസര്‍കോട് കണക്ട് ആപ്പ് വഴി ഉറപ്പുവരുത്തി. പ്രമോട്ടര്‍മാരുടെ ഹാജര്‍ ഓണ്‍ലൈനായി പരിശോധിച്ച് രേഖപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ജില്ലാ പട്ടികജാതി ക്ഷേമ ഓഫീസര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം എന്‍ ദേവീദാസ്, ഡിഎംഒ ഡോ. എ വി രാംദാസ്, ആര്‍ഡിഒ ഷംസുദ്ദീന്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, വിനോദ് കുമാര്‍ ഹരിചന്ദ്രനായിക്, മറ്റ് കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് വ്യാപനം രൂക്ഷം; കാസറഗോഡ് വീണ്ടുഅം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
Read Time:9 Minute, 9 Second