പയ്യന്നൂർ ∙ പയ്യന്നൂർ സബ് ആർടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസിൽ 10,500 രൂപ പിഴ ഇനത്തിൽ ലഭിച്ചു. കെഎസ്ആർടിസി ബസിന് മുന്നിൽ അപകടകരമാം വിധം ഇരുചക്ര വാഹനം ഓടിക്കുന്ന വൈറൽ വിഡിയോ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയാണ് പിഴയിട്ടത്. കോത്തായിമുക്കിലെ പ്രവീണിൽ നിന്നാണ് പിഴ ഈടാക്കിയത്. കെഎസ്ആർടിസി എടിഒയുടെ പരാതിയിലായിരുന്നു കേസ്. കെഎസ്ആർടിസി ബസിന് മുന്നിൽ പെരുമ്പ മുതൽ വെള്ളൂർ വരെ ബസിന് സൈഡ് കൊടുക്കാതെ ഇരുചക്ര വാഹനം ഓടിച്ചത് ബസിൽ നിന്ന് മൊബൈൽ കാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ ഇട്ടിരുന്നു.
ഈ വിഡിയോ ഏറെ വൈറലാവുകയും ഇതേ തുടർന്ന് ഡ്രൈവർ കെഎസ്ആർടിസി അധികൃതർക്ക് നൽകിയ പരാതിയെ തുടർന്നാണ് എടിഒ വിഡിയോ ഉൾപ്പെടെ റീജനൽ ട്രാൻസ്പോർട് അധികൃതർക്ക് പരാതി നൽകിയത്. ഇരുചക്ര വാഹന നമ്പർ കണ്ടെത്തി പരിശോധിച്ചപ്പോൾ അത് പുതിയ ഓഫിസിന്റെ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇന്നലെ യുവാവിനെ ഓഫിസ് പരിസരത്തേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടത്. സബ് ആർടി ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്.