ചെന്നൈ:
തെന്നിന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കി എസ്‌പിബി വിടവാങ്ങി. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയറിൽ ചികിൽസയിലായിരുന്ന എസ് പി ബാലസുബ്രഹ്‌മണ്യം ഇന്ന് ഉച്ചയോടെയാണ് അന്ത്യശ്വാസം വലിച്ചത്. 74 വയസായിരുന്നു.
ആഗസ്‌ത് അഞ്ചിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് 14ന് വെന്റിലേറ്ററിലേക്ക് മാറ്റി.
അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്‌പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതിൽ പ്രധാനം.
ആന്ധ്രയിലെ നെല്ലൂരിൽ ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂൺ നാലിന് ജനനം. എൻജിനീയറാകാൻ ആഗ്രഹിച്ച എസ് പി ബി യാദൃഛികമായാണ് സംഗീത ലോകത്തെത്തിയത്. എൻഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് പാട്ടു മത്സരത്തിൽ എസ് ജാനകിയുടെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ പ്രചോദനമാണ് സിനിമയിലേക്ക് വഴി തുറന്നത്.
1966 ഡിസംബർ 15 നാണ് പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ‘ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ തെലുങ്കു സിനിമയിൽ ഹരിഹരനാരായണോ, ഏമിയേ വിന്ത മോഹം എന്നീ ഗാനങ്ങൾ പാടി.‘ കടൽപ്പാലം’ എന്ന സിനിമയിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ‘ഈ കടലും മറുകടലും’ എന്ന പാട്ടിലുടെ മലയാളത്തിൽ അരങ്ങേറി.
ഗായകനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ. ആറു തവണ ദേശീയ പുരസ്‌കാരം തേടിയെത്തി. രാജ്യം 2011ൽ പത്മഭൂഷൻ നൽകി ആദരിച്ചു. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളിൾ വേഷമിട്ടു. 46 സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു.
ഭാര്യ: സാവിത്രി. മക്കൾ: പല്ലവി, എസ് പി ബി ചരൺ(ഗായകൻ). ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്.