ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രം ജോലി നല്‍കാനും എ, ബി വിഭാഗങ്ങളില്‍ നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള ഉത്തരവിറക്കാന്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മെക്കാനിക്, അക്കൗണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ എന്നിവരാണ് സി, ഡി വിഭാഗങ്ങളില്‍ വരുന്നത്. മാനേജ്‌മെന്റ് തലത്തിലുള്ള ജീവനക്കാരാണ് എ, ബി വിഭാഗങ്ങളില്‍ ഉണ്ടായിരിക്കുക. കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഇക്കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 1961 ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് നിയമത്തില്‍ മാറ്റം വരുത്തിയിരുന്നു. പുതിയ ഉത്തരവ് വന്നാല്‍ ബംഗളൂരുവിലും മംഗളൂരുവിലും അടക്കം കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശികളടക്കം ലക്ഷക്കണക്കിന് മലയാളികളുടെ ഭാവി പ്രതിസന്ധിയിലാകും.
സ്വകാര്യമേഖലയിലെ ആസ്പത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര-വ്യവസായമേഖലകളിലും മറ്റ് സ്ഥാപനങ്ങളിലുമെല്ലാം ജോലിചെയ്യുന്ന മലയാളികള്‍ ഏറെയാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ കര്‍ണാടകയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കും ജോലി നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍മേഖലകളില്‍ പൊതുവെ രൂക്ഷമായ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടമാകുന്ന കടുത്ത തീരുമാനത്തിലേക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ നീങ്ങുന്നത്.
കര്‍ണാടകയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രം; കാസറഗോഡ് സ്വദേശികള്‍ അടക്കമുള്ള മലയാളികൾ പ്രതിസന്ധിയില്‍; ഉടന്‍ ഉത്തരവിറക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍
Read Time:3 Minute, 6 Second