ദുബൈ: കോവിഡ് പ്രതിസന്ധിയുടെ തുടര്‍ന്ന് യാത്രകള്‍ മുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ പണമാണിത്. മാര്‍ച്ച് മുതല്‍ 14 ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് എമിറേറ്റ്‌സിന് ലഭിച്ചത്.
ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 90 ശതമാനവും ഇതിനോടകം തീര്‍പ്പാക്കി പണം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ അവസാനം വരെയുള്ള കണക്കുകളാണിത്. ഇനിയും പരിഹാരം കാണേണ്ട കുറച്ച് അപേക്ഷകള്‍ കൂടി ബാക്കിയുണ്ടെന്നും ഇവ ഓരോന്നായി പരിശോധിച്ച് തീര്‍പ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും കമ്ബനി അറിയിക്കുന്നു.
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പണം തിരികെ നല്‍കുന്നനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എമിറേറ്റ്‌സ് അധിക ജീവനക്കാരെ ഉള്‍പ്പെടുത്തി സജ്ജീകരണമൊരുക്കിയിരുന്നു. ട്രാവല്‍ ഏജന്റുമാരെ അടക്കം ഭാഗമാക്കി വിപുലമായ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചാണ് ഇത് നടപ്പാക്കിയത്. നിലവില്‍ വിവിധ രാജ്യങ്ങളില്‍ വ്യോമ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചതോടെ എമിറേറ്റ്‌സ് സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 80 നഗരങ്ങളിലേക്കാണ് എമിറേറ്റ്‌സ് വിമാനങ്ങള്‍ പറക്കുന്നത്.