തൃശ്ശൂര്‍:
24 ന്യൂസ് അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റിലായി. കോവിഡിനെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയതിനാണ് ഈ അവതാരകന്‍ അറസ്റ്റിലായത്. തൃശൂര്‍ വാടാനപ്പള്ളി പൊലീസാണ് ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ നിന്ന് ശ്രീകണ്ഠന്‍ നായര്‍ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ എത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആരോഗ്യ വകുപ്പിന് അപകീര്‍ത്തിയുണ്ടാക്കുവിധം കോവിഡിനെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് അറസ്റ്റ്.
കൂട്ടുപ്രതിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പിന് അപകീര്‍ത്തിയുണ്ടാക്കുവിധം വ്യാജ വാര്‍ത്ത ചമച്ച കേസില്‍ വാര്‍ത്താവതാരകനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസ് എടുത്തത്. അപകീര്‍ത്തിപ്പെടുത്തല്‍, പൊതുസുരക്ഷയെ ബാധിക്കും വിധത്തിലുള്ള പ്രവൃത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 505, 120 (ഒ), 118 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ 505 ജാമ്യമില്ലാത്ത വകുപ്പാണ്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വാര്‍ത്താവതാരകനെതിരെ ചുമത്തിയിരിക്കുന്നത്. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിച്ച വ്യാജ വാര്‍ത്തയുടെ സംപ്രേഷണ ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ ഇനി കോടതി നടപടികള്‍ക്ക് മുന്നിലേക്ക് ശ്രീകണ്ഠന്‍ നായരും ചാനലും എത്തുകയാണ്.
തൃശൂര്‍ ഡിഎംഒയുടെ പരാതിയിലാണ് വാടാനപ്പള്ളി പൊലീസ് ചാനലിനെതിരെ കേസെടുത്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതോടെയാണ് ഡിഎംഒ പരാതി നല്‍കിയത്. വാര്‍ത്തയ്ക്ക് ആധാരമായ വിവരങ്ങള്‍ നല്‍കിയ ഷിനു ശ്യാമളനെതിരേ അന്ന് രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ കലക്ടര്‍ എസ് ഷാനവാസും രംഗത്തെത്തിയിരുന്നു. കോവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം. ഇത് അതേ രീതിയില്‍ 24 ചാനല്‍ അവതരിപ്പിക്കുകയും ചെയ്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷിനു ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
വ്യാജവാര്‍ത്ത നല്‍കിയ ശ്രീകണ്ഠന്‍ നായരും കേസില്‍ പ്രതിയായി. കോവിഡ് രോഗി കോവിഡ് ബാധിതനായിരിക്കെ ഖത്തറിലേക്ക് കടന്നു. ആരോഗ്യവകുപ്പ് നടപടി എടുക്കാതിരുന്നത് കാരണമാണ് രോഗി ഖത്തറിലേക്ക് കടന്നത്. ഇതാണ് ചാനല്‍ നല്‍കിയ വാര്‍ത്ത. എന്നാല്‍, യുവാവ് നിയമാനുസൃത നിരീക്ഷണ കാലം പിന്നിട്ടയാളാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു. താന്‍ ഖത്തറിലേക്കു കടന്നുകളഞ്ഞെന്ന പ്രചാരണം ശരിയല്ലെന്നും ഖത്തറിലെ വീട്ടില്‍ സ്വാഭാവിക നിരീക്ഷണത്തിലാണെന്നും യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഇതോടെയാണ് ചാനലിനെതിരെ വ്യാജ വാര്‍ത്തയ്ക്ക് കേസ് വന്നത്.
ആരോഗ്യ വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ തെറ്റായ പ്രചരണം നടത്തിയതിന്റെ പേരില്‍ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഡിഎംഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കൊറോണക്കെതിരേ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അഹോരാത്രം പ്രയത്നിക്കുന്ന സമയത്ത് ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസ് ചാനല്‍ വ്യാജവാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത് എന്നാണ് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ജനുവരി 31 നാണ് യുവാവ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത്. ഇന്‍കുബേഷന്‍ കാലാവധി ഫെബ്രുവരി 14ന് അവസാനിച്ചിരുന്നു. 28 ദിവസമെന്ന ക്വാറന്റൈന്‍ കാലാവധിയും കഴിഞ്ഞ് 10 ദിവസം പിന്നിട്ടപ്പോഴാണ് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ വാര്‍ത്തയുടെ കാര്യത്തില്‍ ജാഗ്രത കാണിക്കാതെ യുവാവ് കോവിഡ് ബാധിതന്‍ എന്ന തെറ്റായ വാര്‍ത്തയാണ് ചാനല്‍ നല്‍കിയത്. വിദേശത്ത് നിന്നെത്തുന്ന എല്ലാവര്‍ക്കും ഖത്തര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈൻ ഉറപ്പാക്കുന്നുണ്ട്. ഡോ ഷിനു അറിയിച്ചതിനെ തുടര്‍ന്ന് കോവിഡ് ബാധിതന്‍ എന്ന് ആരോപിക്കപ്പെട്ട യുവാവിനെ ഡിഎംഒ കണ്ടെത്തിയിരുന്നു. ഇത് ഷിനുവിനെ അറിയിച്ചതുമാണ്. എന്നാല്‍ ഇത് മറച്ചുവെച്ചുകൊണ്ട് ഡോക്ടറും ശ്രീകണ്ഠന്‍ നായരും കൂടി അരോഗ്യവകുപ്പിന് അവമതിപ്പുണ്ടാകുന്ന വിധം പ്രചരണം നടത്തിയതെന്നാണ് അന്ന് കലക്ടര്‍ കണ്ടെത്തിയത്.
കോവിഡ് ബാധിതന്‍ ഖത്തറിലേക്ക് കടന്നു എന്ന വാര്‍ത്ത വന്നതോടെ ആരോഗ്യവകുപ്പും പൊലീസുമെല്ലാം ഒരുപോലെ പ്രതിക്കൂട്ടിലായിരുന്നു. ഇതോടെയാണ് ജില്ലാ കളക്ടര്‍ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.