തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഉത്തരവുകള്‍ അടക്കം പുറത്തുപോയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി.
സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തുപോകുന്നത് തടയാന്‍ ഉദ്യോഗസ്ഥരോട് കണ്ണുരുട്ടി സര്‍ക്കാര്‍. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട കണ്‍സള്‍ട്ടന്‍സികളുമായി ബന്ധപ്പെട്ട നോട്ടുകളും, മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞ കരാര്‍ നിയമനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളും, അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടുകളും ചോര്‍ന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം തിരിച്ചടി ആയിരുന്നു.
ഇതോടെയാണ് ചോര്‍ച്ച തടയാനുള്ള നടപടികള്‍. രണ്ടാഴ്ചക്കകം കൊവിഡ് വ്യാപനം പിടിച്ചുകെട്ടണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്തും ഒടുവില്‍ ചോര്‍ന്നിരുന്നു. എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കത്ത് നല്‍കി.
മെയില്‍ ഒഴിവാക്കി തിരിച്ചറിയാവുന്ന കോഡോടെ കത്തായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ചീഫ് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പിടുന്ന ഫയലുകള്‍ പുറത്തുപോയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫയലുകളും ഉത്തരവുകളും വാട്സാപ്പ് ഡോക്യമെന്‍റായി മാധ്യമങ്ങള്‍ ലഭിച്ചക്കുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ തന്നെ പല വാദങ്ങള്‍ ഉത്തരവുകള്‍ പുറത്തായതോടെ പൊളിഞ്ഞിരുന്നു.
രഹസ്യ നീക്കങ്ങൾ പുറത്തായതോടെ കണ്ണുരുട്ടി സർക്കാർ; വിവരങ്ങൾ ചോർന്നാൽ കർശന നടപടിയെന്ന് സർക്കാർ
Read Time:2 Minute, 25 Second