അഷ്റഫ് കർള
ജനറൽ കൺവീനർ,
(ദുബൈ മലബാർ കലാ സാംസ്കാരിക വേദി)
ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർത്ഥാടനം നടത്തും. ജീവിതത്തിലിന്നോളം പറ്റിയ തെറ്റുകൾക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീർ കൊണ്ട് മനസ്സിനെ ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നിൽ സ്വയം സമർപ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപ്പണമാണു ബലി പെരുന്നാൾ നൽകുന്ന സന്ദേശം. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകൽപന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും.
അസ്വാതന്ത്ര്യങ്ങൾക്ക് മുകളിലൊരു ആർദ്രപത. അള്ളാഹുവിൽ അനുഗ്രഹീതനായ ഇബ്രാഹിം നബി യിലൂടെ ത്യജിക്കുക എന്ന കർതവ്യത്തിന്റെ മഹത്വം എന്തെന്ന് മനുഷ്യരാശിക്ക് കാണിച്ചു കൊടുത്തു.
കൊവിഡ് 19 എ മഹാമാരിക്കു മുന്നിൽ ലോകത്തിന് നിസ്സഹായരായി വിറങ്ങലിച്ചു നിൽക്കാനാണ് ദൈവ വിധി. സർവ്വ സ്വാതന്ത്ര്യത്തിന്റെ ഒരവകാശത്തെ ചുരുക്കുകയാണ് ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും ബയോമെട്രിക്കൽ നേട്ടങ്ങളും തുടങ്ങി, എത്രയോ ആധുനീകവൽക്കരിക്കപ്പെട്ട മനുഷ്യന്റെ സംഭാവനകളുടെ മുകളിൽ കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് ഈ വൈറസ് മുന്നേറിക്കൊണ്ടിരിക്കുന്നത്. അധാർമികതയുടെ അപ്പൊസ് തലൻമാരായ വൻ രാഷ്ട്രങ്ങൾ പോലും നിരാശയോടെ മാളങ്ങളിൽ ഒളിച്ചിരിക്കുന്നു.
കണ്ണുകൊണ്ട് കാണാനാവാത്ത ശത്രുവിനെ തുരത്താൻ കുന്നു കൂട്ടിവെച്ച ആയുധങ്ങൾക്ക് കഴിയുന്നില്ല. മനുഷ്യരെ കൊന്നൊടുക്കി ആനന്ദോത്സവങ്ങളിൽ ആറാടിയവർ ഇപ്പോൾ സ്മശാനങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ്. യഥാർത്ഥത്തിൽ മനുഷ്യൻ അത്യാഗ്രഹം കൊണ്ട് നിർമ്മിച്ചെടുത്ത കപട ലോകത്തിന്റെ അസ്വാതന്ത്ര്യമാണ് നഷ്ടമായത്. ഈ ദുരന്ത കാലം മനുഷ്യനെ സംബന്ധിച്ചിടത്തോളം നീതിയിലേക്കും നേരിലേക്കും തിരിച്ചു നടക്കാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് ചെയ്യുന്നത്. മനുഷ്യർ അഹങ്കാരങ്ങളിൽ നിർമ്മിച്ചെടുത്തവയൊക്കെ എത്ര എളുപ്പത്തിലാണ് നിലംപരിശായത്. നേർവഴി ചിന്തകളുടെ പുതിയ സംവിധാനങ്ങളിലേക്ക് സഞ്ചരിക്കാനുള്ള പാഠവും പാഠപുസ്തകവുമായി ഈ ദുരന്തത്തെ കാണാനാവുന്നവർക്ക് നിരാശയുടെ ഇരുട്ടല്ല മറിച്ച് നേർ പാതയിലേക്കുള്ള വെളിച്ചമാണ് ദാനമായി ലഭിച്ചിരിക്കുന്നത്. നിരാർദ്രവും മനുഷ്യത്വ രഹിതവും അക്രമോത്സുകവുമായ ലോകക്രമം തീർത്ത തരിശിടങ്ങളിൽ നിന്ന് മനുഷ്യരെ ഓർമ്മയുടെ ഉണർവിലേക്ക് വഴി നടത്തിക്കുകയാണ് ബലിപെരുന്നാൾ..
ത്യാഗങ്ങൾ കൊണ്ട് കയ്യൊഴിഞ്ഞ സമ്പത്ത് സമാർജിക്കാനുള്ള കുതിച്ചോട്ടങ്ങൾ കുതികാൽ വെട്ടലുകൾ എന്നിവ ഇത്തിരി പോന്ന ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ച് ഒട്ടും ബോധവാനല്ലത്തവന്റെ കണ്ണു തുറപ്പിക്കണം. ഇബ്രാഹിം നബിയുടെ ജീവിത സന്ദേശം അവന് അനുകരണീയമായി ത്തീരണം. സത് വഴിയിലൂടെ വാഴ്വിനെ സഫലമാക്കിയ
ആ മഹാത്മാവിന്റെ സന്ദേശം മനസ്സിലേക്ക് ആവാഹിക്കേണ്ട സമയമാണിത്. ബലിയുടെ കൈപ്പും മധുരവും ഇബ്രാഹിം നബിയോളം തീവ്രമായി അനുഭവിച്ചവർ ആരുണ്ട് ? നാഥന് വേണ്ടി ജീവിതത്തിലെ അതീവ ഹൃദ്യമായതെല്ലാം ത്യജിച്ച, ദൈവത്തിന്റെ ആജ്ഞയ്ക്ക് മുമ്പിൽ പതറാതെ നിന്ന പ്രവാചകന്റെ സമർപ്പണത്തിന്റെ നിലാവെളിച്ചമാണല്ലോ പരിശുദ്ധ ഹജ്ജും വലിയപെരുന്നാളും. ആക്രമിക്കാൻ മാത്രം പഠിച്ചവൻ കീഴടങ്ങിയതിന്റെ സുകൃതം നുകരുന്നു. ക്രൂരതയിൽ അഭിരമിക്കുന്നവൻ കാരുണ്യം ചെയ്യാൻ മോഹിക്കുന്നു. ഇപ്പോൾ പീഢിതന്റെയും നിസ്സഹായന്റെയും ജീവിതം നമ്മെ തൊട്ടുരുമ്മി നിൽക്കാൻ തുടങ്ങുന്നു. പിന്നീടുള്ള വഴികളിൽ മനുഷ്യത്വം ഉണരുന്നു. ഞെളിഞ്ഞു പുളഞ്ഞു തീരുന്ന അഹങ്കാരങ്ങൾ വീണുടയുന്നു. വിനീതമായ കൃതാർത്ഥതയുടെ പുലരി പിറക്കുകയായി. ഒരാളുടെ ജീവിതത്തിലെ ധന്യത സൗരഭ്യം പരത്തുന്നത് തന്റെ തെറ്റുകൾ എറ്റ് പറയുന്ന അവസരത്തിലാണ്. പൊറുക്കലിനെത്തേടുക എന്ന വിനയത്തിലൂടെ ആത്മ ശുദ്ധീകരണത്തിന്റെ ആർദ്രപഥം പ്രാർത്ഥനാ നിരതവും ത്യാഗനിർഭരവുമായ ജീവിതം തിരിച്ചു നൽകുകയാണ്. ഹജ്ജും ബലിപെരുന്നാളും ഒരേ താളത്തിൽ ഉള്ളിൽ നിന്നുയരുന്ന തേട്ടങ്ങൾക്കു ഒരേ ലക്ഷ്യവും, വിശുദ്ധമായ വിശ്വാസവും സൂക്ഷ്മതയും പാഥേയമാക്കി കാതങ്ങൾതാണ്ടി നേരിലേക്കവർ വന്നണയുന്നു . വിശ്വമാനവികതയുടെ പ്രോജ്വല സന്ദേശം അറഫയുടെ പുണ്യഭൂമിയെ നെഞ്ചോടു ചേർത്ത് ഉച്ഛത്തിൽ പ്രഖ്യാപിക്കുന്നു. തക്ബീർ ധ്വനികളാകുന്ന ഐക്യത്തിന്റെയും കീഴടങ്ങലിന്റെയും വിശുദ്ധ മുഴക്കങ്ങളിലൂടെ നമ്മെ പുളകം കൊള്ളിക്കുമ്പോൾ പതിനാലു നൂറ്റാണ്ടു മുമ്പ് ജബലുറഹിമയിൽ നിന്നുയർന്നുകേട്ട വിശുദ്ധവാക്യങ്ങളുടെ ആവർത്തനമാവുകയാണ്
“ലബ്ബയ്ക്കള്ളാഹുമ്മ ലബ്ബൈക്ക് ലാശരീക ലകലബ്ബൈക്ക്” എന്ന തിരുവാക്യം.
ഭുജിക്കൽ മാത്രമാണ് ജീവിതത്തിൻറെ ലക്ഷ്യമെന്നു ധരിച്ചു അതിനായി ഏതു വഴിയെയും പ്രാപിക്കുന്നവന് ത്യജിക്കുന്നവന്റെ വലിപ്പം മനസ്സിലാവണമെന്നില്ല. ഐതിഹ്യകതയുടെ ഇച്ഛാ വന്തത്തിനെതിരേയുള്ള പോരാട്ടം അനിവാര്യമാണെന്ന് കോവിഡ് 19 എന്ന മഹാമാരി നമുക്ക് കാണിച്ചു തന്നു. സാമ്പത്തിക മൂലധനത്തിന്റെ നഗ്നമായ, സ്വേച്ഛാധിപത്യത്തിന്റെ കരാളതകൾ മാത്രമല്ല ഇഷ്ടമില്ലാത്തതിനെയൊക്കെ കൊന്നു തള്ളുന്ന മനുഷ്യത്വ വിരുദ്ധരും ഇല്ലാതാകുന്നു.
ലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും അനാഥരായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നു. സ്വന്തം ദേശത്ത് നിന്ന് അവരെ ആട്ടിയോടിക്കുന്നു. ചുട്ടുകൊല്ലുന്നു. വക്രത്തം വന്നു ഭവിച്ച ലോകത്തിന്റെ ബുദ്ധിക്ക് വിവേചന വെളിച്ചം പകരുകയാണ് ഈ ദുരന്തകാലം. നിഷ്കാമമായ കീഴ്പെടലിന്റെ അപൂർവതയാണ് ബലിയായി ഇന്നു സ്മരിക്കപ്പെടുന്നത്. ത്യജിക്കാൻ തയ്യാറാവുന്നവരുടെ വഴിയാണ് വിവേകി കളുടെയും ജ്ഞാനികളുടെയും വഴിയെന്നും അല്ലഹു പ്രഖ്യാപിച്ചു . എത്ര എളുപ്പത്തിലാണ് ഓരോ മനുഷ്യരും ഇപ്പോൾ അകത്ത് അകന്നു നിൽകുന്നത്. ആർക്കും ആരെയും ഇപ്പോൾ കാണാനാവാതെയായിരിക്കുന്നു. ഈ കാലത്തേ നമുക്ക് വിശുദ്ധ വഴിയിലൂടെ സഞ്ചരിച്ചു കീഴ്പ്പെടുത്തണം. അതിന്നാവട്ടെ ഇനിയുള്ള നമ്മുടെ പ്രയാണം.