കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ബക്രീദ് ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച് കുറച്ചുപേര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അനുവാദം നല്‍കുകയുള്ളൂ മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍മാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍
പള്ളികളില്‍ സാമൂഹിക പ്രാര്‍ഥനകള്‍ക്ക് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞ എണ്ണത്തേക്കാള്‍ കൂടാന്‍ പാടില്ല.
കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ അനുവദിക്കില്ല.
കണ്ടെയ്ന്‍മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ ബലികര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
ബലി കര്‍മ്മങ്ങള്‍ വീട്ടു പരിസരത്ത് മാത്രമെ നടത്താന്‍ അനുവദിക്കുകയുള്ളു. അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.
കണ്ടെയ്‌മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ മാത്രമെ മാംസ വിതരണം നടത്താന്‍ പാടുള്ളൂ.
ഹോം ഡെലിവറി മുഖേന മാംസം വീടുകളില്‍ എത്തിച്ചു നല്‍കുന്നയാള്‍ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുകയും എത്ര വീടുകളില്‍ കയറി, എത്ര ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുമാണ്.
കഴിഞ്ഞ 14 ദിവസത്തിനകം പനി തുടങ്ങിയ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും യാതൊരു കാരണവശാലും കൂട്ട പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല.
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സ്വന്തം വീട്ടില്‍ പോലും നടക്കുന്ന സാമൂഹിക പ്രാര്‍ത്ഥനകളിളോ ബലികര്‍മ്മങ്ങളിലോ പങ്കെടുക്കരുത്.