തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമില്ലുകളില്നിന്ന് റേഷന്‍കടകളില്‍ എത്തിച്ച അരിയില്‍ മാരക വിഷാംശം കലര്‍ന്നതായി കണ്ടെത്തല്‍. മട്ട അരി (സി.എം.ആര്) എന്ന വ്യാജേന ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്ത് റെഡ് ഓക്സൈഡ് ചേര്‍ത്ത് എത്തിക്കുകയായിരുന്നു. കൂടുതലും തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില റേഷന്‍കടകളിലാണ് ഇവ എത്തിയതെന്നാണ് ഭക്ഷ്യവകുപ്പിന് ലഭിച്ച വിവരം. എറണാകുളം കാലടിയിലെ മില്ലുകളില്‍ നിന്നാണ് കൂടുതല്‍ അരി എത്തിയത്. വീട്ടമ്മമാരും റേഷന്‍ വ്യാപാരികളും നല്കിയ പരാതിയില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന് അന്വേഷണത്തിന് നിര്‍ദേശം നല്കി.
വലിയ കൊള്ളയാണ് മേഖലയില്‍ നടക്കുന്നെതന്നാണ് വിലയിരുത്തല്‍. 56 സ്വകാര്യമില്ലുകളാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായി കരാറുള്ളത്. 100 കിലോ നെല്ല് നല്കുമ്ബോള് 64.5 കിലോ അരി തിരികെ സപ്ലൈകോക്ക് നല്‍കണം. ഒരു ക്വിന്റലിന് 214 രൂപ മില്ലുടമകള്‍ക്ക് നല്‍കും. എന്നാല്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല്, മില്ലുകാര്‍ അരിയാക്കി വന്‍വിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ക്ക് മറിച്ചുവില്‍ക്കും. പകരം
തമിഴ്നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരി തവിടുപയോഗിച്ച് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് മട്ടയാക്കും.
ഇൗ അരി നന്നായി കഴുകിയാല്‍ ചുവപ്പുനിറം മാറി വെള്ളയാകും. റേഷന്‍കട വഴി വിതരണം ചെയ്യുന്നതിനായി എത്തുന്ന മട്ട അരി എറെയും നിറം ചേര്‍ത്തവയാണെന്ന് മുമ്ബ് വിജിലന്‍സ് അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.
പാടത്ത് മട്ട, മില്ലുകളില്‍ ‘കളര്‍ മട്ട’
മില്ലുകളില്‍നിന്ന് അരി എടുക്കും മുമ്ബ് ഗുണനിലവാരം പരിശോധിച്ച് വിതരണയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് ചട്ടം. ഇതിനു കൃഷിവകുപ്പ് ഉദ്യോഗസ്ഥന്, സപ്ലൈകോയിലെ ജൂനിയര്‍ മാനേജര്‍ (ക്യു.എ), സിവില്‍ സപ്ലൈസില്‍ നിന്ന് റേഷന്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനുമടങ്ങിയ 10 ഇന്സ്പെക്ഷന് ടീമുകളുണ്ട്. ഇവര്‍ മില്ലുകളില്‍ എത്തി ചാക്കുകള്‍ പരിശോധിക്കും. ഇതിന് ശേഷമാണ് കൃത്രിമം നടക്കുന്നത്. സര്‍ട്ടിഫൈ ചെയ്ത ചാക്കുകള്‍ മാറ്റി പകരം വ്യാജ അരിച്ചാക്കുകള്‍ തിരുകിക്കയറ്റും. ഈ ചാക്കുകള്‍ എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ പരിശാധിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും എല്ലാ ചാക്കുകളും പരിശോധിക്കാന്‍ കഴിയാറില്ലെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. അരി കഴുകുമ്ബോള്‍ നിറം മാറുന്നുണ്ടെങ്കില്‍ മായം ചേര്ത്തതാകാനാണിട. വഴുവഴുപ്പ് തവിടെണ്ണ ചേര്‍ത്ത സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നിര്‍ദേശം.

റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരകവിഷം ; അന്വേഷണത്തിന് നിർദ്ദേശം നൽകി
Read Time:5 Minute, 24 Second