ഗസ്നി: വീട്ടില്‍കയറി മാതാപിതാക്കളെ വധിച്ച താലിബാന് ഭീകരെ വെടിവച്ചുവീഴ്ത്തി അഫ്ഗാന് ബാലിക. ഗോറി പ്രവിശ്യയിലെ ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച ഖമര്‍ ഗുല്‍ എന്ന പെണ്‍കുട്ടിയുടെ വെടിയേറ്റു മരിച്ചത് രണ്ടു ഭീകരരാണ്. മറ്റു ചിലര്‍ക്കു പരിക്കുമേറ്റു. ഗുലിന്റെ പ്രായം 14നും 16നും ഇടയ്ക്കാണെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഗുലിന്റെ പിതാവ് ഗ്രാമമുഖ്യനും സര്‍ക്കാര്‍ അനുകൂലിയുമായിരുന്നു.
സര്‍ക്കാര്‍ അനുകൂലികളെ ഇല്ലാതാക്കുന്നത് താലിബാന്റെ പതിവാണ്.
വീട്ടിലെത്തിയ ഭീകരര്‍ പിതാവിനെ വലിച്ചു പുറത്തിറക്കാന്‍ ശ്രമിച്ചു. മാതാവ് തടഞ്ഞു. രണ്ടുപേരെയും വീടിനു പുറത്ത് വെടിവച്ചുകൊന്നു. ഇതുകണ്ട ഗുല്‍ വീട്ടിലുണ്ടായിരുന്ന എകെ-47 തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഗുലിനെ ആക്രമിക്കാന്‍ കൂടുതല്‍ ഭീകരര്‍ പിന്നീട് എത്തിയെങ്കിലും ഗ്രാമീണരും സര്‍ക്കാര്‍ അനുകൂല പോരാളികളും ചേര്‍ന്ന് വെടിവച്ചു തുരത്തി.
ഗുലും ഇളയ സഹോദരനും ഇപ്പോള്‍ സുരക്ഷിത സ്ഥാനത്താണെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് മുഹമ്മദ് ആരെഫ് ആബര്‍ അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ ഗുലിനു വന്പ്രചാരമാണു ലഭിക്കുന്നത്. ഗുല്‍ എകെ-47 തോക്കുമായിരിക്കുന്ന ചിത്രവും സൂപ്പര്‍ ഹിറ്റായി.