ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്, കീം പ്രവേശന പരീക്ഷ 16ന്

ഹയര്‍ സെക്കന്‍ഡറി ഫലം ഇന്ന്, കീം പ്രവേശന പരീക്ഷ 16ന്

0 0
Read Time:6 Minute, 24 Second

തിരുവനന്തപുരം: 2019-2020 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാര്‍ച്ച്‌ 10ന് ആരംഭിച്ച പരീക്ഷ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 19ന് നിര്‍ത്തിവെച്ചതായിരുന്നു. എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌ മെയ് 26ന് പുനരാരംഭിച്ചു. ഒട്ടേറെ എതിര്‍പ്പും സംശയങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി പരീക്ഷ നടത്തിയത്.

വീടിനടുത്തു തന്നെയുള്ള സ്‌കൂളുകളില്‍ പരീക്ഷയെഴുതുന്നതിനുള്ള അവസരം നല്‍കി. അകലെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളില്‍ എത്തിച്ചു.

ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ലാതിരുന്നിട്ടും ചോദ്യപേപ്പറുകള്‍ ഹയര്‍ സെക്കന്‍ററി സ്‌കൂളുകളിലെത്തിച്ച്‌ പരീക്ഷയെഴുതുന്നതിനു സൗകര്യം ഒരുക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കിയാണ് രണ്ടാംഘട്ട പരീക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷപോലെ തന്നെ മൂല്യനിര്‍ണ്ണയവും രണ്ടുഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്തെ എട്ടു കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ 3020 അധ്യാപകരെ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്രമീകരണം നടത്തുകയും ജൂണ്‍ 24ന് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കുകയും ചെയ്തു. വിദ്യാഭ്യാസവകുപ്പിനെയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അധ്യാപകരെയും അനധ്യാപകരെയും രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഈ നേട്ടത്തില്‍ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 ജൂലൈ 16നാണ്. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡെല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്.

ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയത്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ അകറ്റിയും കുറ്റമറ്റ രീതിയില്‍ പ്രവേശന പരീക്ഷ നടത്താനിരിക്കുകയാണ്.

പരീക്ഷാകേന്ദ്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്ബും ശേഷവും എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവര്‍ക്കായിരിക്കും.

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്‍റൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്‌ആര്‍ടിസി പ്രത്യേകസര്‍വ്വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. കൂടാതെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ പദ്ധതിയും കെഎസ്‌ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍സ്‌പ്രെഡ് മേഖലകളില്‍ നിന്നുള്ള 70 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്‍റ് ആന്‍റണീസ് എച്ച്‌എച്ച്‌എസില്‍ പരീക്ഷയെഴുതാം. ഡെല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ജാഗ്രതാ പോര്‍ട്ടല്‍ വഴി ‘ഷോര്‍ട്ട് വിസിറ്റ് പാസ്’ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!