തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരി ചന്ത തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനപ്പെട്ട കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്റക്‌സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്‍പന നടത്തിയ മത്സ്യവ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ട് തൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങി അടുത്തിടപഴകിയ 13 പേരിലാണ് ആദ്യം രോഗം ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. ഒരാഴ്ച കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപനം രൂക്ഷമായ മേഖലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വന്നതും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും രോഗ വ്യാപനം പരിധിവിടുന്ന ഘട്ടത്തിലാണ്. കൊവിഡ് തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് മാര്‍ച്ച് 11 നാണ്. ജൂലൈ 9 ആയപ്പോള്‍ 481 കേസുകളായി. ഇതില്‍ 215 പേര്‍ വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വന്നതാണ്. 266 പേര്‍ക്ക് രോഗം ബാധിച്ചിച്ചത് സമ്പര്‍ക്കം മൂലമാണ്. ഇന്ന് മാത്രം തിരുവനന്തപുരത്ത് ആകെ പോസിറ്റീവായ 129 പേരില്‍ 105 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ കേസുകള്‍ വച്ച് പഠനം നടത്തിയപ്പോള്‍ ജില്ലയില്‍ അഞ്ച് ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. എല്ലാം തിരുവനന്തപുരം കോര്‍പറേഷന്‍ കേന്ദ്രീകരിച്ചാണ്. ഒരു പ്രത്യേക പ്രദേശത്ത് 50 ല്‍ കൂടുതല്‍ കേസുകളുണ്ടാകുന്ന സാഹചര്യത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉണ്ടായതായി കണക്കാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത് രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൊന്നാനിയും തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാര്‍ഡുകളും. ഈ രണ്ടിടങ്ങളിലും ശാസ്ത്രീയമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റര്‍ജി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റര്‍ജി നടപ്പിലാക്കുന്നതിന് കേസുകളും അവയുടെ കോണ്ടാക്ടുകളും ഒരു പ്രദേശത്ത് എങ്ങനെയാണെന്ന് മനസിലാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഇവിടെ പെരിമീറ്റര്‍ കണ്‍ട്രോള്‍ നടപ്പിലാക്കും. ആ പ്രദേശത്ത് കടക്കുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രം ഉപയോഗിക്കുന്ന രീതിയില്‍ അവിടേക്കുള്ള വരവും പോക്കും കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കകത്ത് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനുള്ള വിശദമായ രൂപരേഖ നടപ്പാക്കും. അതിനായി ടെസ്റ്റിംഗ് തീവ്രമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങള്‍ ബാധിച്ചവരുണ്ടോയെന്ന് കണ്ടെത്തും. അവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തും. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയാല്‍ കോണ്ടാക്ട് ട്രെയ്‌സിംഗാണ് അടുത്ത ഘട്ടം. ഇതിനായി സന്നദ്ധ വൊളന്റിയര്‍മാരെയും നിയോഗിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശാരീരിക അകലം കര്‍ശനമായി പാലിച്ചേ തീരൂ. ആളുകള്‍ കൂടുന്ന സാഹചര്യം അനുവദിക്കാനാകില്ല. സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.