മുംബൈ:
യു.പി.എ ഭരണകാലത്ത് ഇന്ധന വില വർധിച്ച സാഹചര്യത്തിൽ വിമര്‍ശനം രേഖപ്പെടുത്തിയ പല പ്രമുഖരും എന്‍.ഡി.എ ഭരണത്തിലേറിയതിന് ശേഷം മൗനം പാലിക്കുന്നതിനെതിരെ നേരത്തെ തന്നെ സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. മുന്‍ നിര താരമായ അക്ഷയ് കുമാര്‍ തൊട്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വരെയാണ് യു.പി.എ കാലത്തെ ഇന്ധന വില വര്‍ധനവിനെതിരെ ആഞ്ഞടിച്ചിരുന്നത്. അന്നത്തെ അവരുടെ ട്വിറ്റര്‍ പോസ്റ്റുകള്‍ വീണ്ടും ‘ഉയര്‍ത്തി’ ഓര്‍മ്മപ്പെടുത്തകയാണ് മഹാരാഷ്ട്രയിലെ മന്ത്രി ജിതേന്ദ്ര ഔഹാദ്.
ആഗോളമാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വളരെയധികം താഴ്ന്നിട്ടും ഡീസല്‍, പെട്രോള്‍ വില വര്‍ധിക്കുന്നതിനെതിരെയാണ് മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രി ഡോ. ജിതേന്ദ്ര ഔഹാദ് ട്വിറ്ററിൽ കടുത്ത വിമർശനം ഉന്നയിച്ചത്.
‘വില കുതിച്ചുയരും മുമ്പ് പെട്രോൾ വാങ്ങാൻ മുംബൈയിലെ ജനം രാത്രി മുഴുവൻ ക്യൂ നിൽക്കുന്നതിനാൽ എന്റെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനുപോലും കഴിയുന്നില്ല’ എന്നായിരുന്നു 2011 മെയ് 16ന് അക്ഷയ് കുമാർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റിന് മറുപടിയായാണ് ജിതേന്ദ്ര ഔഹാദ് ഇന്നലെ ട്വിറ്ററില്‍ പ്രതികരിച്ചത്.
‘നിങ്ങൾ ട്വിറ്ററിൽ സജീവമല്ലേ..കാർ ഉപയോഗിക്കുന്നത് നിർത്തിയോ…നിങ്ങൾ പത്രങ്ങളൊന്നും വായിക്കുന്നില്ലേ…അക്ഷയ്, പെട്രോൾ-ഡീസൽ വില കുതിച്ചുയരുകയാണ്. നിങ്ങൾ അറിയാൻ വേണ്ടി പറഞ്ഞെന്നുമാത്രം.’ -മന്ത്രി ട്വീറ്റ് ‘കുത്തിപൊക്കി’ മറുപടി നല്കി.
‘കൂട്ടുകാരേ..നിങ്ങളുടെ സൈക്കിളുകൾ ക്ലീൻ ചെയ്ത് റോഡിലേക്കിറക്കിക്കൊള്ളൂ..ലഭിക്കുന്ന സൂചനയനുസരിച്ച് പെട്രോൾ വിലയിൽ മറ്റൊരു വർധന കൂടി പ്രതീക്ഷിക്കുന്നു’ എന്ന് 2012 ഫെബ്രുവരി 27ന് അക്ഷയ് കുമാർ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയ വീണ്ടും ഉയര്‍ത്തി ചോദ്യം ചെയ്തിരുന്നു.
അമിതാഭ് ബച്ചെൻറ പഴയ ട്വീറ്റും ജിതേന്ദ്ര ഔഹാദ് വെള്ളിയാഴ്ച്ച ട്വിറ്ററിൽ ‘കുത്തിപ്പൊക്കിയിട്ടുണ്ട്’.
‘പെട്രോൾ വിലയിൽ 7.5 രൂപയുടെ വർധന. പമ്പിലെത്തിയപ്പോൾ അറ്റൻഡൻറ് -എത്ര രൂപക്ക് അടിക്കണം?. മുംബൈക്കാരൻ -2-4ന് രൂപക്ക് കാറിന്റെ മുകളിൽ ഒന്നു സ്പ്രേ ചെയ്താൽ മതി. കത്തിക്കാനാണ്’ എന്ന ബച്ചന്റെ 2012ലെ ട്വീറ്റിന് മറുപടിയായി ‘അമിതാഭ്, നിങ്ങൾ പിന്നീട് കാറിൽ പെട്രോൾ അടിച്ചിട്ടില്ലേ..അല്ലെങ്കിൽ ബില്ലിലേക്ക് നോക്കാത്തതാണോ. പക്ഷപാതിയല്ലെങ്കിൽ ഇതാണ് അഭിപ്രായം പറയാനുള്ള സമയം. പെട്രോൾ വില മൂർധന്യത്തിലാണ്. ഞങ്ങൾ മുംബൈക്കാർ എന്തു ചെയ്യണം..കാർ കത്തിക്കണോ അതോ ഓടിക്കണോ’ എന്നായിരുന്നു ബച്ചനോടുള്ള മന്ത്രി ജിതേന്ദ്ര ഔഹാദിന്റെ മറുപടി.