ജിദ്ദ :
സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് മടങ്ങിയ വിദേശികളുടെ തിരിച്ച് വരവിനെ സംബന്ധിച്ച് സൗദി ജവാസാത്ത് അധികൃതർ വിശദീകരണം നൽകി. ഇത് സംബന്ധിച്ച ഒരാളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ജവാസാത്ത്.
നിലവിലെ അവസ്ഥയിൽ കൊറോണ വ്യാപനം അവസാനിക്കാതെ വിദേശികൾക്ക് മടങ്ങാനാകില്ലെന്നാണു ജവാസാത്ത് അറിയിച്ചത്. അതോടൊപ്പം അവധിയിൽ പോയവരുടെ റി എൻട്രി കാലാവധി നീട്ടുന്നതിനെക്കുറിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്നും ജവാസാത്ത് അറിയിച്ചു.
നേരത്തെ കൊറോണ കാരണം സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ വന്ന സൗദിക്കകത്തും പുറത്തുമുള്ള പതിനായിരക്കണക്കിനു വിദേശികളുടെ ഇഖാമ കാലാവധി യാതൊരു ഫീസും ഈടാക്കാതെ ജവാസാത്ത് 3 മാസത്തേക്ക് നീട്ടി നൽകിയിരുന്നു.
നേരത്തെ ഇഷ്യു ചെയ്ത റി എൻട്രി വിസകളിൽ സ്വദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്ന സൗദിയിലുള്ളവരുടെ റി എൻട്രി വിസകളും യാതൊരു ഫീസും ഈടാക്കാതെ തന്നെ നീട്ടി നൽകുമെന്നും ജവാസാത്ത് അറിയിച്ചിരുന്നു.
നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച് തീരുമാനം ആകാത്ത പശ്ചാത്തലത്തിൽ സൗദിക്ക് പുറത്തുള്ളവരുടെ റി എൻട്രി വിസാ കാാലാവധി ദീർഘിപ്പിക്കുന്ന സംവിധാനമെല്ലാം താത്ക്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.