ദന്ദേവാഡ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്ക് ട്രാക്ടർ വാങ്ങി നൽകിയ ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് ജഗത് പുജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളടക്കം മൂന്ന് പേർ പിടിയിലായി. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി മാവോയിസ്റ്റുകൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു വരുന്നത് പുജാരിയാണെന്ന് പൊലീസ് പറഞ്ഞു.
മാവോയിസ്റ്റ് നേതാവ് അജയ് അലാമിക്ക് വേണ്ടിയാണ് ഇവർ ട്രാക്ടറുകൾ വാങ്ങിയത്. 9,10,000 രൂപ വിലവരുന്ന ട്രാക്ടറുകൾ കണ്ടുകെട്ടി. അറസ്റ്റിന് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ആളാണ് അജയ് അലാമി.
‘കഴിഞ്ഞ കുറച്ചു നാളുകളായി മാവോയിസ്റ്റ് നേതാക്കളുടെ ഫോൺ വിളികൾ നിരീക്ഷിച്ചതിൽ നിന്നാണ് പുജാരിയും അലാമിയും തമ്മിലുള്ള ബന്ധം വ്യക്തമായത്. അവശ്യ സാധനങ്ങൾ എത്തിക്കാനായി നിരവധി തവണയാണ് പുജാരി അലാമിയുമായി ബന്ധപ്പെട്ടത്. ഇതിനിടെയാണ് തങ്ങൾക്ക് ട്രാക്ടർ വേണമെന്ന ആവശ്യം പുജാരിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഒരുപാട് സഹായങ്ങൾ സ്വീകരിച്ചതിനാൽ പുജാരിക്ക് അത് വാങ്ങി നൽകുകയല്ലാതെ നിവർത്തിയില്ലായിരുന്നു. പണം മുടക്കാൻ പുജാരി തയാറായപ്പോൾ രമേഷ് ഉസേദിനിയെന്നയാളുടെ ഭാര്യയുടെ പേരിൽ വാഹനത്തിെൻറ ബിൽ തരപ്പെടുത്തി’- ദന്ദേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലാവ് പറഞ്ഞു.
വിവരത്തിെൻറ അടിസ്ഥാനത്തിൽ ഗീഥമിൽ ബാരിക്കേടുകൾ തീർത്താണ് ട്രാക്ടറുകൾ തടഞ്ഞത്. ട്രാക്ടറിലുണ്ടായിരുന്ന രമേഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പണത്തിെൻറ സ്രോതസിനും കൃത്യമായ രേഖകൾ ഇല്ലാത്തതിനും രമേഷിന് ഉത്തരമില്ലായിരുന്നു.
അറസ്റ്റിലായ ജഗതിെൻറ നിർദേശ പ്രകാരമാണ് ട്രാക്ടറുകൾ വാങ്ങിയതെന്ന് വൈകാതെ രമേഷ് തുറന്നു പറഞ്ഞു. പിന്നാലെ പിടിയിലായ ജഗത് കഴിഞ്ഞ 10 വർഷമായി മാവോയിസ്റ്റുകൾക്ക് സാധനങ്ങൾ എത്തിക്കുന്നതായി സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മാവോയിസ്റ്റുകൾക്ക് യൂനിഫോം, പേപ്പർ, പ്രിൻറർ, വെടിക്കോപ്പുകൾ, ബാറ്ററി, റേഡിയോ സെറ്റ് എന്നിവ പുജാരിയാണ് വിതരണം ചെയ്യുന്നതെന്ന് നേരത്തെ ഇൻറലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒന്നിനും തെളിവുകളുണ്ടായിരുന്നില്ല.