കൊച്ചി:
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുമ്ബോള്‍ കൊച്ചിയില്‍ ജനങ്ങളിലും അധികൃതരിലും ജാഗ്രത കുറയുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയതോടെ പലയിടത്തും സാധാരണ രീതിയിലാണ് പ്രവര്‍ത്തനം. സമൂഹ അകലം പാലിക്കാതെയും മറ്റ് മാനദണ്ഡങ്ങള്‍ നടപ്പാക്കാതെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചില ശീതളപാനീയ വില്പനക്കടകളില് കുപ്പി ഗ്ലാസുകളാണ് ഉപയോഗിക്കുന്നത്. ഒരാള്‍ കുടിച്ച് കഴിഞ്ഞാല്‍ ചൂട് വെള്ളത്തില്‍ കഴുകി അണുമുക്തമാക്കണമെന്നാണ് നിബന്ധനയെന്നിരിക്കെ സാധാരണപോലെ കഴുകിയാണ് അടുത്തയാള്‍ക്ക് കൊടുക്കുന്നത്.
ഹോട്ടലുകളില്‍ ഒരാള്‍ കഴിച്ച പാത്രം ഉടന്‍ നീക്കം ചെയ്ത് ടേബിള്‍ അണുമുക്തമാക്കണമെന്നാണെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല. കഴിച്ച സ്റ്റീല്‍ പാത്രം ഉള്‍പ്പെടെ ചൂട് വെള്ളത്തില്‍ കഴുകി അണുമുക്തമാക്കാനും തയാറാകുന്നില്ല. ഫോര്‍ട്ട് കൊച്ചി കടപ്പുറത്തും ഒരു മാനദണ്ഡവും പാലിക്കാതെയാണ് ആളുകള്‍ എത്തുന്നത്.
പലരും മാസ്ക് ധരിക്കാനോ സമൂഹ അകലം പാലിക്കാനോ തയാറാകുന്നില്ല. പ്രത്യേകിച്ച് യുവാക്കളാണ് ഇത്തരത്തില്‍ കൂട്ടമായി എത്തുന്നത്. ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് പരിശോധന ഇല്ലാതായതോടെയാണ് നിര്‍ദേശങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് പരിശോധന കുറഞ്ഞതും ഇതിനു കാരണമായി. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ജാഗ്രത കൈവിടുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തും.
ദിവസേന കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്ബോഴും പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണവും കുതിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 2,07,237 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. 2,21,547 പേരെ അറസ്റ്റ് ചെയ്യുകയും 1,31,228 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ദിനേന നൂറിലധികം കേസുകളാണ് ഓരോ ദിവസം വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. നിയന്ത്രണങ്ങള്‍ മറികടന്ന് യാത്രകളും പരിധിയില്‍ കവിഞ്ഞ ആള്‍ക്കൂട്ടവും കേരളത്തിലുടനീളം വ്യാപകമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
34,154 കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കൊല്ലം ജില്ലയാണ് ഒന്നാമത്. തുടക്കത്തില്‍ കോവിഡ് ആശങ്ക സൃഷ്ടിച്ച കാസര്‍കോടാണ് ഏറ്റവും കുറവ് കേസ് -2,604. അനാവശ്യ യാത്രകള്‍ക്ക് നിരത്തുകളില്‍ വാഹനങ്ങള്‍ ഇറക്കിയതിന്റെ പേരില്‍ 1,31,228 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുമ്ബോഴും ആളുകള്‍ ജാഗ്രതക്കുറവ് കാണിക്കുന്ന പ്രതീതിയാണ് സമീപ ദിവസങ്ങളിലെന്ന് പൊലീസ് പറയുന്നു. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സമൂഹ അകലം പാലിക്കാതെയും മതിയായ സുരക്ഷ ഉറപ്പാക്കാതെയുമാണ് ആളുകളുടെ ഇടപെടലുകള്‍.
വിവിധയിടങ്ങളിലായി 70,906 കേസാണ് മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. കൃത്യമായി ഉപയോഗിക്കാതെ പേരിന് മാത്രം മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നവരാണ് കൂടുതലെന്ന് പൊലീസ് പറയുന്നു. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് സര്‍വമേഖലയിലും സമൂഹ അകലം ഉള്‍പ്പെടെയുള്ള കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ലംഘനങ്ങള്‍ തുടരുകയാണ്.
കോവിഡ് വ്യാപനത്തിന്റെ തോതുകുറയാത്ത സാഹചര്യത്തില്‍ പ്രതിരോധ നടപടി കടുപ്പിക്കാന്‍ പോലീസ്. മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. മുഖാവരണം ധരിക്കാത്തതിന് ശരാശരി രണ്ടായിരത്തോളം കേസെടുക്കുന്നുണ്ട്. ട്രാഫിക് പരിശോധനയ്ക്കായുള്ള ക്യാമറ ഉപയോഗിച്ച് മുഖാവരണം ധരിക്കാത്തവരെ കണ്ടെത്താനാണ് ശ്രമം.
ട്രാഫിക് നിയമലംഘനങ്ങള്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തത്, ഹെല്‍മെറ്റ് ധരിക്കാത്തത് എന്നിവയൊക്കെയാണ് ഇപ്പോള്‍ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുന്നത്. ഇതിനൊപ്പം, മുഖാവരണം ധരിക്കാത്തവരുടെ ചിത്രങ്ങള്‍ കൂടി ശേഖരിക്കാനാണ് ശ്രമം. ഇതിനായി സോഫ്റ്റ് വെയറില്‍ ക്രമീകരണം വരുത്താനാണ് പോലീസ് സൈബര്‍ ഡോം ശ്രമിക്കുന്നത്.
വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ മാത്രമാണ് ക്യാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുകയെന്നതാണ് ഇതിനുള്ള പ്രശ്നം. വാഹനത്തിന്റെ നമ്ബര്‍ പരിശോധിച്ച് അതിന്റെ ഉടമയ്ക്ക് മുഖാവരണം ഇടാത്ത ചിത്രം സഹിതം നോട്ടീസ് നല്‍കാനാകും. എന്നാല്‍, കാല്‍നടക്കാരുടെ കാര്യത്തില്‍ പോലീസ് പരിശോധിച്ച് ആളുകളെ തിരിച്ചറിയേണ്ടി വരും. ഇവരുടെ കാര്യത്തില്‍ ക്യാമറ പ്രായോഗികമല്ല.
പൊതുനിരത്തില്‍ മുഖാവരണം ഉപയോഗിക്കാതെ സഞ്ചരിക്കുന്നതാണ് വാഹനത്തില്‍ പോകുന്നവരെക്കാള്‍ അപകടമായി കണക്കാക്കുന്നത്. നടന്നുപോകുന്നവരില്‍ മുഖാവരണം ഇടാത്തവരുടെയെല്ലാം ചിത്രം ശേഖരിക്കേണ്ടി വരുമ്ബോള്‍ നിലവിലെ സ്റ്റോറേജ് സംവിധാനം മെച്ചപ്പെടുത്തേണ്ടിവരും.
കൂടാതെ, സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, പൊതു ഇടങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍, എന്നിവിടങ്ങളില്‍ 65 വയസ്സിനുമുകളില്‍ ഉള്ളവരെയും 10 വയസ്സിന് താഴെയുള്ളവരെയും അനുവദിക്കില്ല. നിയമം ലംഘിക്കുന്ന 65 വയസിനു മുകളില്‍ ഉള്ളവര്‍ക്കെതിരെ കേസെടുക്കും. കുട്ടികള്‍ വന്നാല്‍ മാതാപിതാക്കള്‍ക്കെതിരെയാണ് കേസ്.