അബുദാബി : ചരക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തുന്ന ലഹരിമരുന്നും സ്ഫോടക വസ്തുക്കളും കണ്ടെത്താൻ യുഎഇയിൽ റാസ്കാർഗോ ( റിമോട്ട് എയർ സാംബ്ലിങ് ) എന്ന പേരിൽ പുതിയ സംവിധാനത്തിന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി ( എഡ്ഡിഎ ) തുടക്കം കുറിച്ചു.യുഎഇ ഇന്നോവേറ്റ്സ് 2021 ക്യാംപെയ്ന്റെ ഭാഗമായാണ് നവീന സംവിധാനം ഏർപ്പെടുത്തിയത് . ശ്വാന സംഘത്തെ ( കെ 9 ) ഉപയോഗപ്പെടുത്തി മണത്തറിഞ്ഞാണു ലഹരിമരുന്നും സ്ഫോടക വസ്തുക്കളും കള്ളക്കടത്തു ഉൽപന്നങ്ങളും പിടികൂടുക .
കര , നാവിക , വ്യോമ മാർഗം വഴി എത്തുന്നവയെല്ലാം ഇങ്ങനെ പരിശോധനാ വിധേയമാക്കുമെന്ന് എഡ്ഡിഎ ചെയർമാൻ അലി സഈദ് മത്തർ അൽ നെയാദി പറഞ്ഞു . ഈ സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യമാണ്
യുഎഇ . ഇറക്കുമതി / കയറ്റുമതി സാധനങ്ങൾ , കണ്ടയ്നറുകൾ , കപ്പലുകൾ , എൻജിനുകൾ , ഹെവി വാഹനങ്ങൾ , ചെറുകിട – ഇടത്തരം വാഹനങ്ങൾ , അടച്ച ട്രക്കുകൾ എന്നിവയ്ക്കുള്ളിലെ വായുവിന്റെ സാംപിളെടുത്ത് നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പരിശോധന . കള്ളക്കടത്ത് തടയുന്നതിന് പുറമേ കസ്റ്റംസ് ക്ലിയറൻസിനുള്ള സമയം ലഘൂകരിക്കാനും പുതിയ പരിശോധന രീതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു . മണിക്കൂറിൽ 20 മുതൽ 30 സാംപിൾ വരെ പരിശോധിക്കാൻ നായകൾക്കു സാധിക്കും . ദിവസേന 8 മണിക്കൂർ ജോലിക്കിടെ 160 മുതൽ 240 വരെ കണ്ടയ്നറുകളോ ട്രക്കുകളോ പരിശോധിക്കാനാവും .

ശ്വാനന്മാർ മണത്തറിഞ്ഞ് പിടിക്കും ലഹരിമരുന്നും ഫോടക വസ്തുക്കളും ; പുത്തൻ സംവിധാനവുമായി യുഎഇ
Read Time:2 Minute, 4 Second