മലപ്പുറം: കോവിഡ് വ്യാപനത്തിെന്റ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീളുന്നത് വ്യാപാര മേഖലയുടെ നടുവൊടിക്കുന്നു. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രാദേശികമായി ലോക്ഡൗണ്‍ നടപ്പാക്കരുതെന്ന കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതിന് സമയപരിധി ഇപ്പോഴും തുടരുകയാണ്.
മാസങ്ങളായി തുടരുന്ന മാന്ദ്യത്തിലും ആശ്വാസം നല്‍കാതെ, ഇല്ലാതായ വാറ്റ് നിയമത്തിെന്റ പേരിലും നിലവിലുള്ള ജി.എസ്.ടിയുടെ പേരിലും നോട്ടീസും പിഴ നോട്ടീസുകളും ലഭിച്ചു കൊണ്ടിരിക്കുന്നു.
ജി.എസ്.ടി വകുപ്പ് 2016-17 മുതല്‍ ഇന്പുട് ടാക്സ് െക്രഡിറ്റിനുവേണ്ടി അപ്ലോഡ് ചെയ്ത ബില്ലുകളിലെ വ്യത്യാസത്തിന് പിഴയും പലിശയും ചേര്‍ത്താണ് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്. ജി.എസ്.ടി തുടങ്ങിയപ്പോള്‍ രജിസ്ട്രേഷനുവേണ്ടി ബാങ്ക് അക്കൗണ്ട് നിഷ്കര്‍ഷിക്കുകയും സീറോ ബാലന്‍സ് അക്കൗണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍, കുറച്ചുമാസങ്ങളായി ഒരു മുന്നറിയിപ്പുമില്ലാതെ നോണ്‍ ബാലന്‍സ് ചാര്‍ജ്, മിനിമം ബാലന്‍സ് മെയിന്റനന്‍സ് എന്ന പേരില്‍ മാസം തോറും ഫീ ഈടാക്കുന്നുണ്ട്. കോവിഡ് മൂലം നഷ്ടപ്പെട്ട വ്യാപാര ദിനങ്ങള്‍ പോലും വകവെക്കാതെയാണിത്.
ഇതിന് പുറമെ മൊറട്ടോറിയം കാലാവധി പിന്നിടുമ്ബോള്‍ പലിശക്ക് കൂട്ടുപലിശ ചേര്‍ക്കുന്ന നടപടികളാണ് ബാങ്കുകള്‍ കൈക്കൊള്ളുന്നത്. വ്യാപാരാവശ്യങ്ങള്‍ക്ക് പുറമെ ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളും എടുത്തവരുണ്ട്. വരുമാനം നിലച്ചതിനാല്‍ ഇത് തിരിച്ചടക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല.
രണ്ട് വര്‍ഷത്തേക്കെങ്കിലും മൊറട്ടോറിയം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഫെബ്രുവരിയില്‍ വന്‍ തുക നികുതിയടച്ച് ലൈസന്‍സ് പുതുക്കിയെങ്കിലും കച്ചവടം ചെയ്യാന്‍ സാധിച്ചിട്ടില്ല.
2021-22 കാലയളവിലേക്കുള്ള ലൈസന്‍സ് ഫീസും തൊഴില്‍ നികുതിയും ഒഴിവാക്കുക, കെട്ടിട നികുതി ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, വാടക ഇളവ് നല്‍കുക, അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ കണക്ടഡ് ലോഡ് ചാര്‍ജ് അടക്കമുള്ളവ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികള്‍ ഉന്നയിക്കുന്നത്.