തിരുവനന്തപുരം: ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നു. ഇതു സംബന്ധിച്ച പ്രസാര്‍ഭാരതി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് ഇന്നലെ ഇറങ്ങി.
ആലപ്പുഴയിലെ 200 കിലോ വാട്ട് മീഡിയം വേവ് ട്രാന്‍സ്‌മിറ്റര്‍ ആണ് ഒഴിവാക്കുന്നത്. ആലപ്പുഴ, കൊല്ലം, എറണാകുളം ,തൃശൂര്‍, പത്തനംതിട്ട ജില്ലകളിലൊക്കെ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ കേള്‍പ്പിച്ചത് ആലപ്പുഴയിലെ ട്രാന്‍സ്‌മിറ്റര്‍ ആയിരുന്നു. ഇത് ഒഴിവാക്കിയതോടെ തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള വാര്‍ത്ത ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഭൂരിഭാഗത്തിനും കേള്‍ക്കാനാവില്ല. തിരുവനന്തപുരത്തും പരിസരത്തും മാത്രം കേള്‍ക്കാന്‍ കഴിയുന്നതാണ് തിരുവനന്തപുരത്ത് കുളത്തൂരിലുള്ള ട്രാന്‍സ്‌മിറ്രര്‍.
ആലപ്പുഴ ട്രാന്‍സ്‌മിറ്ററിന്റെ കപ്പാസിറ്രി 200 കിലോ വാട്ട് ആണെങ്കില്‍ തിരുവനന്തപുരത്തിന്റേത് 10 കിലോ വാട്ട് മാത്രമാണ്. ആലപ്പുഴയില്‍ ശേഷിക്കുന്ന എഫ്.എം. ട്രാന്‍സ്‌മിറ്റര്‍ വഴി ആറ് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് മാത്രമേ ആകാശവാണി പരിപാടി കേള്‍ക്കാനാവൂ. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, മഞ്ചേരി, കണ്ണൂര്‍ നിലയങ്ങള്‍ ഉണ്ടെങ്കിലും ഇവിടെ നിന്നുള്ള റിലേ മൂലം ചുറ്രുവട്ടത്തുള്ളവര്‍ക്ക് മാത്രമേ പരിപാടികള്‍ ശ്രവിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ സ്‌മാര്‍ട്ട് ഫോണില്‍ ആകാശ വാണിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
നിലവിലുള്ള ട്രാന്‍സ്‌മിറ്രറിന്റെ ഉപയോഗിക്കാന്‍ കഴിയുന്ന ഭാഗം ഏതെന്ന് പരിശോധിച്ച് ആകാശ വാണിയുടെ മെയിന്റനന്‍സ് അഡി.ഡയറക്ടര്‍ തീരുമാനമെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മറ്ര് ഭാഗങ്ങള്‍ ഒഴിവാക്കുന്ന കാര്യം ആകാശവാണിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ചെയ്യണം. ബാക്കിയുള്ള ഭൂമി,കെട്ടിടം, ഇലക്‌ട്രിക് ഉപകരണങ്ങള്‍, മാനവശേഷി എന്നിവയില്‍ ഉചിതമായ തീരുമാനമെടുക്കണം.
എന്ത് മാനദണ്ഡപ്രകാരമാണ് ആലപ്പുഴ ട്രാന്‍സ്‌മിറ്രര്‍ ഒഴിവാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നില്ല. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും ആകാശവാണി പരിപാടികള്‍ ശ്രവിക്കുന്നതൊന്നും ഉത്തരവിടുന്നവര്‍ ശ്രദ്ധിക്കുന്നുമില്ല.