തിരുവനന്തപുരം: ( 06.10.2020) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമാകും മണ്ഡലകാലത്ത് ദര്‍ശനം. തിരുപ്പതി മാതൃകയില്‍ ശബരിമലയില്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്നും മന്ത്രി അറിയിച്ചു.
ശബരിമല ദര്‍ശനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രതിദിനം 1000 പേര്‍ക്കാകും പ്രവേശനം.
ശനിയും ഞായറും 2000 പേരെ അനുവദിക്കും. മാത്രമല്ല മണ്ഡലപൂജ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും വിദഗ്ധ സമിതി നിര്‍ദേശിക്കുന്നു. 10 വയസിനും 60 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കാനന പാതവഴി സഞ്ചാരം അനുവദിക്കില്ല. പമ്ബ വഴി മാത്രമാകും സന്നിധാനത്തേക്ക് പ്രവേശനം.
എരുമേലിയും പുല്ലുമേടും ഉള്‍പ്പെടെയുള്ള പരമ്ബരാഗത കാനന പാതകള്‍ വനം വകുപ്പ് അടയ്ക്കും. പമ്ബയില്‍ കുളിക്കാന്‍ അനുവദിക്കില്ല. പമ്ബയിലും സന്നിധാനത്തും താമസിക്കാനും കഴിയില്ല. നെയ്യഭിഷേകം ഉണ്ടാകും. ദര്‍ശനം വേണ്ടവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാനത്തുള്ളവര്‍ക്കും ഇത് നിര്‍ബന്ധമാണ്. രജിസ്ട്രേഷന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
നിലയ്ക്കലില്‍ വീണ്ടും ആന്റിജന്‍ പരിശോധന ഉണ്ടാകും. ഇതിന്റെ ചെലവ് തീര്ഥാടകന് വഹിക്കണം. സമിതി ശുപാര്‍ശ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ദര്‍ശനം, മാസ പൂജയ്ക്ക് കൂടുതല്‍ ദിവസം ദര്‍ശനം എന്നിവയില്‍ തന്ത്രിയുടെ തീരുമാനം അനുസരിച്ചായിരിക്കും നടപടിയെടുക്കുക.