അബുദാബി: ജീവനക്കാർക്കായി ലുലുഗ്രൂപ്പ് പണിത അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം പ്രവർത്തനമാരംഭിച്ചു. അബുദാബിയിലെ മുസഫയിലുള്ള ഐക്കാഡ് സിറ്റിയിലാണ് ജീവനക്കാർക്കായി ലുലു അത്യാധുനിക കെട്ടിട സമുച്ചയം പണിതുയർത്തിയത്.
10.32 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണാത്തിലുള്ള സമുച്ചയത്തിൽ ഏകദേശം പതിനായിരത്തിൽപ്പരം ജീവനക്കാർക്ക് വിശാലമായി താമസിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കെട്ടിട സമുച്ചയത്തിൽ 20 വിവിധോദ്ദേശ കെട്ടിടങ്ങളാണുള്ളത്. ഇതിൽ മൂന്ന് നിലകളിലായി പണിത 11 കെട്ടിടങ്ങൾ ജീവനക്കാർക്ക് മാത്രം താമസിക്കാനുള്ളതാണ്. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങൾക്കായി കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട്ട സമുച്ചയം പണിതുയർത്തുന്നതിന് സ്ഥലം അനുവദിച്ചുതന്ന അബുദാബി ഭരണാധികാരികളോടുള്ള കൃതജ്ഞത ഈ അവസരത്തിൽ അറിയിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിൽ ലുലു ഗ്രുപ്പ് ഏറെ ശ്രദ്ധാലുവാണെന്ന് അദ്ദേഹം പറഞ്ഞു