മുൻ സര്‍ക്കാര്‍ പുതിയ ഭരണ കൂടത്തിന് കൈമാറിയത് വൻ കടക്കെണി;ധവളപത്രം പുറത്തിറക്കി ; 5.07 ലക്ഷം കോടി കടം !, ട്രഷറി ശ്വാസംമുട്ടലില്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന വിലയിരുത്തലുമായി ധനകാര്യ സ്ഥിതി ധവളപത്രം.
2026-ല്‍ അധികാരമേറ്റ പുതിയ സർക്കാരിന് കൈമാറിയത് കടബാധ്യതയും ട്രഷറി പ്രതിസന്ധിയും വികസന മുരടിപ്പും നിറഞ്ഞ സാമ്പത്തിക സാഹചര്യമായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ധവളപത്രം പ്രകാരം കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുകയാണ്. കടുത്ത പണലഭ്യതാ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് 2025-ല്‍ മാത്രം 262 ദിവസം റിസർവ് ബാങ്കിന്റെ വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റ് സൗകര്യത്തെയും ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ചെലവുകള്‍ പോലും കടമെടുത്താണ് മുന്നോട്ടുപോയതെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകള്‍ക്കായി നീക്കിവെക്കേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം വികസന പ്രവർത്തനങ്ങള്‍ക്കായി ചെലവിടാനുള്ള സാമ്പത്തിക ശേഷി ഗണ്യമായി കുറഞ്ഞു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ, ഡി.ആർ കുടിശ്ശിക ഇനത്തില്‍ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യത നിലവിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


