“സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ” കമ്മിറ്റി റെയിൽവേ അധികൃതരുമായി ചർച്ച നടത്തി
ഉപ്പള : ഉപ്പളയിലെ റെയിൽവേ വികസനം സംബന്ധിച്ച് സേവ് ഉപ്പള സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികളും സർവ്വ കക്ഷി പ്രതിനിധികളും വ്യാപാരി പ്രതിനിധികളും ചേർന്ന് റെയിൽവേ അധികൃതരുമായി ചർച്ച നടത്തി.
ഉപ്പളയിൽ ഹാൾട്ട് ഏജന്റിനെ നിയമിക്കാനുള്ള തീരുമാനം പിൻവലിക്കുക, റിസർവേഷൻ ടിക്കറ്റ് ബുക്കിങ് സൗകര്യം പുനസ്ഥാപിക്കുക, നേത്രാവതി എക്സ്പ്രസ്സ്, പരശുരാം എക്സ്പ്രസ്സ്, ചെന്നൈ-മംഗളൂരു എക്സ്പ്രസ്സ് എന്നിവക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ കാറ്ററിംഗ് സ്റ്റാൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ചർച്ചയിലൂടെ ഉന്നയിച്ചു. കൂടാതെ ഹാൾട്ട് ഏജന്റിനെ നിയമിച്ചാൽ ഉപ്പളയെ ആശ്രയിക്കുന്ന അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് വിതരണം ദുരിതത്തിലാകുമെന്നുമുള്ള ആശങ്ക ചർച്ചയിലൂടെ ഉന്നയിച്ചു. നിലവിൽ രാത്രികാലങ്ങളിൽ കാസറഗോഡ് എത്തുന്ന ട്രെയിനുകളിൽ ഉപ്പള മഞ്ചേശ്വരം ഭാഗത്തേക്കുള്ള മലയോര മേഖലയിലേക്കുൾപ്പെടെയുള്ള യാത്രക്കാർ ആവശ്യത്തിന് ബസ് സൗകര്യമില്ലാത്തത് കാരണം വളരെ അധികം ബുദ്ധിമുട്ടിയും ടാക്സിക്ക് ഭീമമായ തുക നൽകിയുമാണ് യാത്ര ചെയ്യുന്നത്. കാസറഗോഡ്-മംഗളൂരു നഗരങ്ങളുടെ മധ്യ ഭാഗത്തായിട്ടുള്ള വളരെ പ്രധാനപ്പെട്ടതും മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവുമായ ഉപ്പളയിൽ ഈ വണ്ടികൾക്ക് സ്റ്റോപ്പ് നൽകുകയാണെങ്കിൽ ഉപ്പള-മഞ്ചേശ്വരം ഭാഗത്തുകാർക്ക് വളരെ അധികം ഉപകാരപ്പെടും എന്ന വളരെ പ്രധാന്യമേറിയ ആവശ്യവും കൂടി ചർച്ചയിൽ ഉയർന്നു വന്നു. കാര്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി.
കമ്മിറ്റി ഭാരവാഹികളായ അസീം മണിമുണ്ട, എം. കെ. അലി മാസ്റ്റർ, പുഷ്പരാജ് കെ. ഐൽ, ഹനീഫ് റെയിൻബോ, സത്യൻ സി. ഉപ്പള, നാഫി ബപ്പായ്‌തൊട്ടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ, മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റുബീന, ജനപ്രതിനിധികളായ മഹ്മൂദ് മണിമുണ്ട, മുഹമ്മദ് ഹുസൈൻ മൂസോടി, ടി. എ ശരീഫ്, മുഹമ്മദ് റഫീഖ്, മജീദ് പച്ചമ്പള, ഖൈറുന്നിസ, കിഷോർ കുമാർ, വിവിധ രാഷ്ട്രീയ നേതാക്കളായ ടി. എ. മൂസ, വസന്ത മയ്യ, എം. ബി. യൂസുഫ്, ബി. എം. മുസ്തഫ, ഉമർ അപ്പോളോ, പി. എം. സലീം, മഖ്ബൂൽ അഹ്‌മദ്, വ്യാപാരി പ്രസിഡന്റ് ജബ്ബാർ പള്ളം, വൈസ് പ്രസിഡന്റ് ശിവറാം പക്കള, ഹമീദ് നിഫ, റൈഷാദ് ഉപ്പള, മുഹമ്മദ് അഷാഫ്, ചെമ്മി ഉപ്പള ഗേറ്റ്, ഷബ്ബിർ മണിമുണ്ട, ഭരത് റൈ കൊടിബൈൽ എന്നിവരും പാലക്കാട് റെയിൽവേ ഡിവിഷനെ പ്രതിനിധീകരിച്ച് സീനിയർ ഡിവിഷണൽ കൊമേഴ്‌ഷ്യൽ മാനേജർ ഡോ. അരുൺ, കൊമേഴ്‌ഷ്യൽ വിഭാഗത്തിലെ മറ്റു അംഗങ്ങൾ, ഉപ്പള സ്റ്റേഷനിലെ കോമേഴ്‌ഷ്യൽ ക്ലാർക്ക് വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു. നേരത്തെ ഉപ്പളയിൽ ഹാൾട്ട് ഏജന്റിനെ നിയമിക്കുന്നതുമായി സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ ചെയർമാൻ അഡ്വ. ബാലകൃഷ്ണ ഷെട്ടി, കൺവീനർ അസീം മണിമുണ്ട, ജോ. കൺവീനർ നാഫി ബപ്പായിത്തൊട്ടി എന്നിവർ റെയിൽവേയുടെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി. കെ. കൃഷ്ണ ദാസുമായി ചർച്ച നടത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് റെയിൽവെ അധികൃധരുടെ ഈ സന്ദർശനം.