കുബണൂർ മാലിന്യ പ്ലാന്റ് തീപിടുത്തം, ദുരൂഹത മാറ്റണം ;ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ
ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ കുബണൂർ ഖരമാലിന്യ പ്ലാന്റിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തത്തിന്റെ നിചസ്ഥിതി പുറത്തു കൊണ്ടുവരുകയും ദുരൂഹത നീക്കം ചെയ്യുകയും വേണമെന്ന് ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
മംഗൽപ്പാടി പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാവുന്നതിനിടയിലാണ് മാലിന്യ പ്ലാന്റിൽ വിവിധ ഭാഗങ്ങളിലായി തീപിടുത്തം ഉണ്ടായത്. ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണ സ്ഥലത്തിന് പുറമെ മറ്റു വിവിധ ഭാഗങ്ങളിൽ കൂടി ഉണ്ടായ തീപിടുത്തത്തിൽ സംശയം ഉടലെടുത്തിട്ടുണ്ട്. ആയതിനാൽ, തീപ്പിടുത്തത്തിന് പിന്നിൽ ഗൂഢാലോചനയോ, അന്യായപ്രവർത്തിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു.
അന്തരിച്ച മുൻ മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മർഹൂം ഗോൾഡൻ അബ്ദുൽ ഖാദർ ഹാജിയുടെ ദീർഘവീക്ഷണത്തിലൂടെയാണ് മാലിന്യ പ്ലാന്റിന്റെ പിറവി. ഈ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് മുൻകാലങ്ങളിൽ പഠിക്കാൻ സംസ്ഥാനത്തെ വിവിധ പഞ്ചായത്തിൽ നിന്നും പ്രതിനിധി സംഘങ്ങൾ ഇവിടെ എത്തിയിരുന്നു.
ജില്ലാ പഞ്ചായത്തംഗത്തിന്റെ കൂടെ മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫൽ പ്ലാന്റ് സന്ദർശിച്ചു.
നേരത്തെ മംഗൽപാടി ജനകീയവേദിയും ഇത്തരത്തിൽ ജില്ലാ കളക്ടറിനും, കുമ്പല പോലീസിലും പരാതി നൽകിയിരുന്നു.