പ്രവാസികൾ നടത്തുന്നത് രണ്ടാം നവോത്ഥാനം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
ഷാർജ: കേരളത്തിൽ നിന്നും വന്ന് ഉപജീവനത്തിനായി ഗൾഫടക്കമുള്ള രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളാൽ നടക്കുന്നത് രണ്ടാം നവോത്‌ഥാനമാണെന്ന് കാസറഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റമായിരുന്നു ഒന്നാം നവോത്‌ഥാനമെങ്കിൽ സാമ്പത്തിക-വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിന് സാധ്യമായിക്കിട്ടിയത് കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളിൽ കേരളത്തിന് പുറത്തേക്ക് ചേക്കേറിയ മലയാളി പ്രവാസികൾ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹ്രസ്വ സന്ദർശനാർത്ഥം യു എ ഇയിലെത്തിയ എം പിക്ക് കെസെഫ് നൽകിയ സ്വീകരണത്തിനുള്ള മറുപടിപ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയിൽ പിന്നോക്കം നിൽക്കുന്ന കാസറഗോട്ട് എയിംസ് ലഭിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കുമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
നിസാർ തളങ്കര അധ്യക്ഷനായിരുന്നു. എസ് കെ അബ്ദുള്ള ഉത്ഘാടനം ചെയ്തു.
ബി എം മഹ്മൂദ്, ജമാൽ പട്ടേൽ, അഡ്വ. വൈ എ റഹീം, ടി വി നസീർ എന്നിവർ പ്രസംഗിച്ചു.
മുരളി നമ്പ്യാർ സ്വാഗതവും ഹനീഫ് എം സി നന്ദിയും പറഞ്ഞു.