ചെങ്കള-നീലേശ്വരം റീച്ചിൽ നിർമാണം 30% പിന്നിട്ട് ദേശീയപാത; ചട്ടഞ്ചാലിലെ വളവുകൾ നിവരും, കാസർകോട്ട് പ്രവൃത്തികൾ അതിവേഗം; 25 കിലോമീറ്റർ ആറുവരിപ്പാത

0 0
Read Time:6 Minute, 44 Second

ചെങ്കള-നീലേശ്വരം റീച്ചിൽ നിർമാണം 30% പിന്നിട്ട് ദേശീയപാത; ചട്ടഞ്ചാലിലെ വളവുകൾ നിവരും, കാസർകോട്ട് പ്രവൃത്തികൾ അതിവേഗം; 25 കിലോമീറ്റർ ആറുവരിപ്പാത

തെക്കിൽ, ചട്ടഞ്ചാൽ, ബെവിഞ്ച മേഖലകളിൽ വളവുകൾ നിവർത്തിയുള്ള നിർമാണം അതിവേ​ഗത്തിലാണ് പുരോ​ഗമിക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ പല പാലങ്ങളുടെ നിർമാണത്തിലും പുരോ​ഗതിയുണ്ട്.
ഹൈലൈറ്റ്:
സർവീസ് റോഡുകൾ വേണമെന്ന ആവശ്യവുമായി നാട്ടുകാർ
ചെങ്കള – നീലേശ്വരം റീച്ചിൽ നിർമാണം അതിവേഗം
നീലേശ്വരത്ത് പുതിയ പാലം

കാസർകോട്: കേരളത്തിലെ ആദ്യ റീച്ചുകളിൽ ദേശീയപാത 66 നി‍ർമാണപ്രവർത്തനങ്ങളിൽ വൻ മുന്നേറ്റം. ചെങ്കള – നീലേശ്വരം റീച്ചിലടക്കം 30 ശതമാനത്തോളം പ്രവൃത്തി പൂ‍ർത്തിയായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നീലേശ്വരം പാലം ഉയരം കൂട്ടി നി‍ർമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കാസർകോട്ടു നിന്ന് തലസ്ഥാനത്തേയ്ക്കുള്ള യാത്രാസമയം പകുതിയാക്കി ചുരുക്കുന്ന അതിവേഗ പാതയുടെ നി‍ർമാണമാണ് പുരോഗമിക്കുന്നത്.
റീച്ചിലെ ഏറ്റവും ദുഷ്കരമായ ചട്ടഞ്ചാൽ പ്രദേശത്ത് നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ചെർക്കള, ബെവിഞ്ച, തെക്കിൽ, ചട്ടഞ്ചാൽ മല വഴിയാണ് പാത കടന്നുപോകുന്നത്. നിരവധി വളവുകളുള്ള ഈ മേഖലയിൽ അപകടങ്ങളും പതിവായിരുന്നു. എന്നാൽ ഈ വളവുകൾ പരമാവധി ഒഴിവാക്കി വയഡക്ടുകൾ ഉൾപ്പെടെ നിർമിച്ചാണ് പാത മുന്നോട്ടു പോകുന്നത്. ചെർക്കള മേൽപ്പാലത്തിൻ്റെ നാലു തൂണുകൾക്കായി ഇതിനോടകം 23 പൈലുകളുടെ നിർമാണം പൂർത്തിയായെന്നാണ് ദേശാഭിമാനി റിപ്പോർട്ട്. അതേസമയം, ഈ മേഖലയിൽ സർവീസ് റോഡുകളുടെ നിർമാണം പ്രതിസന്ധിയിലാണ്. സർവീസ് റോഡുകൾ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബെവിഞ്ച മുതൽ തെക്കിൽ വരെ കാൽ കിലോമീറ്ററോളം നീളമുള്ള ഒരു വയഡക്ടും നിർമിക്കും. ഈ ഭാഗത്ത് ആവശ്യമായ 34 തൂണുകളിൽ 19 എണ്ണത്തിൻ്റെയും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്ന തൂണുകളുടെ പൈൽ ക്യാപ് നിർമാണം നടന്നിട്ടുണ്ട്. ഇതു കൂടാതെ തെക്കിലിനും ചട്ടഞ്ചാലിനും ഇടയിൽ രണ്ട് കുന്നുകളെ ബന്ധിപ്പിച്ച് ഒരു വയഡക്ട് കൂടി നിർമിക്കേണ്ടതുണ്ട്. ഇതിൻ്റെ പ്ലാൻ തയ്യാറാകുന്നുണ്ട്.
ഇരുവശത്തേയ്ക്കും മൂന്നു വരി വീതം ഗതാഗതം സാധ്യമാക്കുന്ന ഹൈവേയുടെ ഇരുവശത്തും സ‍ർവീസ് റോഡുകളുണ്ടാകും. 37 കിലോമീറ്ററോളം നീളമുള്ള റീച്ചിൽ 12 കിലോമീറ്റർ ദൂരത്തിൽ ഇതിനോടകം ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. കൂടാതെ 25 കിലോമീറ്റർ ദൂരത്തിൽ സർവീസ് റോഡുകളും 11 കിലോമീറ്റർ റോഡിൽ ഇരുവശത്തുമായി ഓവുചാൽ നിർമാണവും കരാറുകാർ പൂർത്തിയാക്കിയിട്ടുണ്ട്. ഈ റീച്ചിലെ ആറ് അടിപ്പാതകളിൽ രണ്ടെണ്ണവും പൂർത്തിയായെന്നാണ് ദേശാഭിമാനി റിപ്പോർട്ട്. ബട്ടത്തൂർ, ചെമ്മട്ടംവയൽ എന്നിവിടങ്ങളിലാണ് നിർമാണം പൂ‍ർത്തി യായത്. കൂടാതെ പെരിയയിലും പെരിയാട്ടടുക്കത്തും നിർമാണം പുരോഗമിക്കുന്നുണ്ട്. ചെറുവാഹനങ്ങൾക്കായുള്ള ചെറിയ അണ്ടർപാസുകളും ഈ റീച്ചിൽ ആറെണ്ണമുണ്ട്. നീലേശ്വരത്തും തോട്ടത്തും നി‍ർമാണം പൂർത്തിയായി. കേന്ദ്ര സർവകലാശാലയ്ക്ക് സമീപത്തുള്ള ചെറു അണ്ടർപാസിൻ്റെ നിർമാണവും പുരോഗമിക്കുകയാണ്.
തെക്കിൽ പാലം സ്ഥാപിക്കുന്നതിനു മുന്നോടിയായി ഏഴ് പൈൽ ക്യാപ്പുകളിൽ ആറെണ്ണത്തിൻ്റെയും നിർമാണം ഇതിനോടകം പൂർത്തിയായി. പുല്ലൂരിലെ രണ്ടാം പാലത്തിൻ്റെ എട്ടു തൂണുകളും പൂർത്തിയായിട്ടുണ്ട്. അതേസമയം, നീലേശ്വരം പാലത്തിൻ്റെ രൂപകൽപനയിൽ ഉൾനാടൻ ജലഗതാഗത അതോരിറ്റിയുടെ നിർദേശം അനുസരിച്ച് മാറ്റങ്ങൾ വരുത്തിയിരുന്നു. പാലത്തിൻ്റെ ഉയരം കൂട്ടാനായി 16 പൈലുകളാണ് അധികമായി നിർമിച്ചത്. പാലത്തിനു മൊത്തം വേണ്ട 54 പൈലുകളിൽ 44 എണ്ണവും പൂർത്തിയായി.
പടന്നക്കാട് നിലവിലുള്ള റെയിൽവേ മേൽപ്പാലം നിലനിർത്തി സമാന്തരമായി മറ്റൊരു പാലമാണ് നിർമിക്കുക. പരിഷ്കരിച്ച രൂപകൽപന അനുസരിച്ച് നിർമാണം ഉടൻ വീണ്ടും തുടങ്ങുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മൂന്നുവരിപ്പാലത്തിൻ്റെ 14 പൈലുകളുടെ നിർമാണമാണ് പൂർത്തിയായത്.
കാസർകോട്ടു നിന്ന് വടക്കോട്ട് മംഗലാപുരത്തേയ്ക്കും തെക്കോട്ട് കന്യാകുമാരി വരെയും നീളുന്നതാണ് ദേശീയപാത 66. വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ ഒഴികെ കേരളത്തിൽ എല്ലാ ജില്ലകളിലൂടെയും ദേശീയപാത 66 കടന്നുപോകുന്നുണ്ട്. കേരളത്തിൽ തന്നെ നിർമാണത്തിൽ ഏറ്റവുമധികം പുരോഗതിയുള്ള ജില്ലകളിലൊന്നാണ് കാസർകോട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!