വൺ ബില്യൺ മീൽസ് പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
ദുബായ് : ലോകത്തെ ദുർബല ജനവിഭാഗങ്ങൾക്ക് ഭക്ഷ്യസഹായം ലഭ്യമാക്കുന്നതിനായി ” വൺ ബില്യൺ മീൽസ് ‘ എന്ന ജീവകാരുണ്യ പദ്ധതി ആരംഭിച്ചതായി യുഎഇ പ്രധാനമന്ത്രിയും ദുബായ് വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു . “ വിശുദ്ധ മാസം റമസാന്റെ വരവോടെ നമ്മുടെ വാർഷിക പാരമ്പര്യമനുസരിച്ച് , റമസാനിൽ വൺ ബില്യൺ മീൽസ് ‘ എൻഡോവ്മെന്റ് പ്രോജക്റ്റ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ‘ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു .
” ഈ എൻഡോവ്മെന്റ് പ്രോജക്റ്റിലൂടെ ദശലക്ഷക്കണക്കിന് ഭക്ഷണം സ്ഥിരതയോടെ നൽകുകയെന്നതാണ് ലക്ഷ്യം . യുഎഇയിലെ ജനങ്ങൾക്ക് നിലവിലുള്ള ജീവകാരുണ്യവും നന്മയും ഉറപ്പാക്കുന്നു . ലോകത്തിലെ ഓരോ പത്തിൽ ഒരാൾ പട്ടിണിയിലാണ് . വിശ്വാസികൾ എന്ന നിലയിൽ നമ്മുടെ മനുഷ്യത്വപരവും ധാർമികവും ഇസ്ലാമികവുമായ കടമയാണ് പ്രത്യേകിച്ച് വ്രത മാസത്തിൽ ആവശ്യമുള്ളവർക്ക് സഹായഹസ്തം നീട്ടുകയും വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്യുക എന്നത് . ഒരു കിണറ്റിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്നതു പോലെ ഒരു എൻഡോവ്മെന്റ് ഒരു തുടർച്ചയായ നന്മയുടെ പ്രവർത്തനമാണ് . അവസാനം വെട്ടിക്കുറയ്ക്കുന്ന ഗണ്യമായ തുകയേക്കാൾ ശാശ്വതമായ ഒരു ചെറിയ സംഭാവന നല്ലതാണ് . അല്ലാഹു നമ്മെ എല്ലാവരെയും നല്ലതിലേയ്ക്ക് നയിക്കട്ടെ . എല്ലാ തിന്മകളിൽ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കട്ടെ ‘ – അദ്ദേഹം കുറിച്ചു . ഒരു സംയോജിത ഭക്ഷ്യ വിതരണ ആവാസ വ്യവസ്ഥയിലൂടെ ആഗോള തലത്തിലുള്ള യുഎഇയുടെ സംഭാവനകളുടെ ഭാഗമായി ദരിദ്രരായ ജനങ്ങൾക്ക് സുസ്ഥിരമായ ഭക്ഷ്യസഹായം നൽകാനാണ് വൺ ബില്യൺ മീൽസ് പദ്ധതി ലക്ഷ്യമിടുന്നത് . മുൻ വർഷങ്ങളിലും റമസാനിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കിയിരുന്നു . ക്രെഡിറ്റ് കാർഡ് , എസ്എംഎസ് , ബാങ്കിലേയ്ക്ക് നേരിട്ടും പണം ആർക്കും സംഭാവന ചെയ്യാം . സന്ദർശിക്കുക : https://www.1billionmeals.ae/en/