മംഗൽപാടി ഗ്രാമപഞ്ചായത്തിൽ നോക്കുകുത്തിയായി ജനറേറ്റർ
ഉപ്പള: വൈദ്യുതി ക്ഷാമം പരിഹരിക്കാൻ വേണ്ടി മംഗൽപാടി ഗ്രാമപഞ്ചായത്ത് ആറുമാസം മുമ്പ് വാങ്ങിയ ജനറേറ്റർ ഉപയോഗശൂന്യമായി നശിക്കുന്നു. വൈദ്യുതീകരണം നടന്നിട്ടില്ല എന്ന ഒറ്റ കാരണം കൊണ്ട് ലക്ഷങ്ങൾ ചിലവഴിച്ച് വാങ്ങിയ ജനറേറ്റർ ആണ് പഞ്ചായത്ത് പരിസരത്ത് തുരുമ്പെടുത്തു നശിക്കുന്നത്.
പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും വൈദ്യുതീകരണത്തിന് വേണ്ട ഫണ്ട് പാസാക്കി ജനറേറ്റർ പ്രവർത്തിപ്പിക്കാൻ നിരന്തരമായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇരുട്ടിൽ തപ്പുകയാണ് ഗ്രാമപഞ്ചായത്ത് മെമ്പർമാരും ഉദ്യോഗസ്ഥരും.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളതും, വരുമാനമുള്ളതുമായ ഗ്രാമപഞ്ചായത്തിന്റെ ഈ ദുർഗതിയോർത്ത് മൂക്കത്ത് വിരൽ വെക്കുകയാണ് നാട്ടുകാർ. ജനറേറ്റർ വാങ്ങാൻ തിടുക്കം കാട്ടിയ ചിലർ വാങ്ങിച്ച ശേഷം ഉപേക്ഷിച്ച മട്ടിലാണ് ഈ പദ്ധതി.
നിരവധി ആവശ്യങ്ങൾക്കായി ഗ്രാമപഞ്ചായത്തിനെ ആശ്രയിക്കുന്ന സാധാരണക്കാർ ഇടക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ ഏറെ വലയുകയാണ്. ഇൻവർട്ടർ സംവിധാനം പോലും വേണ്ട രീതിയിൽ പ്രവർത്തിക്കാത്തത് കാരണം പ്രധാനപ്പെട്ട രേഖകൾ നൽകാൻ പോലും കമ്പ്യൂട്ടർ പോലെയുള്ള സാങ്കേതിക മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിയാറില്ല. ലക്ഷങ്ങൾ ചെലവഴിച്ച് ജനറേറ്റർ വാങ്ങിയവർ പശു വാങ്ങിയതിനു ശേഷം കയറു വാങ്ങാൻ തടസ്സം സൃഷ്ടിക്കുന്നതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.
കഴിഞ്ഞ രണ്ടര വർഷമായി നാഥനില്ല കളരിയായി മംഗൽപാടി ഗ്രാമപഞ്ചായത്ത് മാറിയിരിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പുകളിൽ ബദൽ സംവിധാനങ്ങൾ കൊണ്ടുവന്ന് ഇത്തരക്കാർക്ക് എതിരെ പൊതുജനങ്ങൾ മുന്നോട്ടു വരുമെന്നും, ജനറേറ്റർ വാങ്ങിയതിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും എൻ. സി. പി. മഞ്ചേശ്വരം ബ്ലോക് പ്രസിഡന്റ് മെഹ്മൂദ് കൈകമ്പ മുന്നറിയിപ്പ് നൽകി.